ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ഇന്ത്യക്ക് വേണ്ടി പ്രജ്‌നേഷ് ഗുണേശ്വരന്‍ കോര്‍ട്ടിലിറങ്ങും

ഇതോടെ പുരുഷ സിംഗിള്‍സില്‍ മത്സരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യോഗ്യത നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രജ്‌നേഷ്

ഓസ്ട്രേലിയയിലെ മെല്‍ബണില്‍ അടുത്ത വാരം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രജ്‌നേഷ് ഗുണേശ്വരന്‍ ഇറങ്ങും. യോഗ്യതാ റൗണ്ടിലെ മുന്നാമത്തെയും അവസാനത്തെതുമായ മത്സരത്തില്‍ ജാപ്പനീസ് താരം യോസുകെ വതാനുകിയെ 6-7, 6-4, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പ്രജ്‌നേഷ് യോഗ്യത നേടിയത്.

ഇതോടെ പുരുഷ സിംഗിള്‍സില്‍ മത്സരിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യോഗ്യത നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പ്രജ്‌നേഷ്. യുക്കി ഭാബ്രി, സോംദേവ് വര്‍മന്‍ എന്നിവരാണ് നേരത്തെ യോഗ്യത നേടിയിരുന്നവര്‍. 2018ല്‍ യുക്കി നാല് ഗ്രാന്‍ഡ്സ്ലാമുകളില്‍ കളിച്ചിരുന്നു. നിലവില്‍ വിരമിച്ച സോംദേവ് 2013ല്‍ യുഎസ് ഓപ്പണ്‍ കളിക്കാനും യോഗ്യത നേടി. പ്രജ്‌നേഷ് ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ്സ്ലാമിന് യോഗ്യത നേടുന്നത്. കരിയറിലെ വലിയ നേട്ടങ്ങളിലൊന്നാണിതെന്ന് ടെന്നീസ് ലോകത്തെ 112 ാം റാങ്കുകാരനായ ഇന്ത്യന്‍ താരം പ്രതികരിച്ചു.

തന്റെ വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.നേട്ടത്തില്‍ ഏറെ സന്തോഷവാനാണ്. ഈ നേട്ടത്തെ വിവരിക്കാന്‍ തനിക്ക് വാക്കുകളില്ല. തന്നെ കുറിച്ച് തന്നെ അഭിമാനം തോന്നുന്നു. ഒരു ടെന്നീസ് താരമെന്ന നിലയില്‍ വളരെ വൈകിയാണ് താന്‍ ഈ നേട്ടത്തിലെത്തിയത് അത് മനസിലാക്കുന്നു. വരാനിരിക്കുന്ന മത്സരത്തില്‍ മികച്ച പോരാട്ടം നടത്തുമെന്നും പ്രജ്‌നേഷ് പറഞ്ഞു. മൂന്ന് യോഗ്യതാ മത്സരങ്ങള്‍ ജയിച്ച പ്രജ്‌നേഷിന് 20 ലക്ഷത്തോളം രൂപ ലഭിക്കും. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ടില്‍ കളിച്ചാല്‍ താരത്തിന് 38 ലക്ഷം രൂപയും ലഭിക്കും

Exit mobile version