ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധം : എല്ലാ താരങ്ങള്‍ക്കും ബാധകമെന്ന് സംഘാടകര്‍

മെല്‍ബണ്‍ : ജനുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി വിക്ടോറിയ സംസ്ഥാനം. നിലവില്‍ പുരുഷ-വനിത ടെന്നിസ് ചാംപ്യന്‍ഷിപ്പുകളില്‍ താരങ്ങള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും മിക്ക താരങ്ങളും വാക്‌സിനെടുക്കാന്‍ വിമുഖത കാട്ടുന്നതിനാലാണ് തീരുമാനം.

നൊവാക് ജോക്കോവിച്ച് അടക്കമുള്ള താരങ്ങള്‍ പരസ്യമായി വാക്‌സിനെതിരെ അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളവരാണ്. താന്‍ വാക്‌സിനേഷനെതിരാണെന്നും യാത്ര ചെയ്യണമെങ്കില്‍ വാക്‌സീന്‍ എടുക്കണമെന്ന് മറ്റൊരാള്‍ തന്നോട് പറയുന്നത് തനിക്കംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജോക്കോവിച്ച് പരസ്യ പ്രസ്താവന നടത്തിയിരുന്നു.

നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഗ്രാന്‍സ്‌ലാം കിരീട നേട്ടങ്ങളില്‍ ഫെഡററെയും നദാലിനെയും മറികടക്കാനുള്ള അവസരമാണ് ജനുവരി 17ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ്.

Exit mobile version