25ാം വയസ്സില്‍ വിരമിച്ച് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി

ടെന്നീസിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ച് ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടി. ഇരുപത്തിയഞ്ചാം വയസ്സിലെ ആഷ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അമ്പരന്നിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിരമിക്കുന്നതായി താരം അറിയിച്ചത്. പിന്മാറ്റം വളരെ ബുദ്ധിമുട്ടേറിയതാണെന്നും എന്നാല്‍ ജീവിതത്തിന്റെ പുതിയ അധ്യായങ്ങളെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അവര്‍ പറഞ്ഞു. “ഇതുവരെ ടെന്നീസ് എനിക്ക് നല്‍കിയിരിക്കുന്ന എല്ലാത്തിനോടും കടപ്പട്ടിരിക്കുകയാണ് ഞാന്‍. വിരമിക്കാന്‍ ശരിയായ സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. മികച്ച തീരുമാനം എന്ന് എല്ലാവര്‍ക്കും തോന്നണമെന്നില്ല. എന്നാല്‍ ഇതാണ് ചെയ്യേണ്ടതെന്നാണ് എന്റെ വിശ്വാസം. ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു. ഇനി മറ്റ് സ്വപ്‌നങ്ങള്‍ക്ക് വേണ്ടി സമയം മാറ്റി വയ്ക്കണം. എല്ലാത്തിനും എല്ലാവരോടും നന്ദി.” ആഷ്‌ലി കൂട്ടിച്ചേര്‍ത്തു.

വിംബിള്‍ടണ്‍, ഫ്രഞ്ച് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ താരമാണ് ആഷ്‌ലി. ഇതിന് പുറമേ ഹാര്‍ഡ് കോര്‍ട്ട്, മഡ് കോര്‍ട്ട്, പുല്‍കോര്‍ട്ട് എന്നിവിടങ്ങളില്‍ ഗ്രാന്‍ഡ്സ്ലാമും നേടി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി രണ്ട് മാസത്തിനുള്ളിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 114 ആഴ്ചയായി ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തുടരുകയായിരുന്നു.

Exit mobile version