രോഹിത്തിന്റെ പോരാട്ടം പാഴായി; ആദ്യ ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഓസീസിന് 34 റണ്‍സിന്റെ വിജയം

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി.34 റണ്‍സിനാണ് ഇന്ത്യ പരാജയമടഞ്ഞത്. രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറി പാഴാക്കിയാണ് തോല്‍വിയിലേക്ക് ഇന്ത്യ വീണത്. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടപ്പെടുത്തി 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയില്‍ പോരാട്ടവീര്യം കാണിച്ചത്. 110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22-ാം ഏകദിന സെഞ്ച്വറി നേടിയത്. 29 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യയുടെ പരാജയം ഓസീസ്അ രക്കിട്ടുറപ്പിക്കുകയായിരുന്നു.


നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മ്മയുടെയും എംഎസ് ധോണിയുടെയും 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോണിയെ പുറത്താക്കി ബെഹ്റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം ധോണി 51 റണ്‍സെടുത്തു. മത്സരത്തില്‍ ആദ്യ റണ്‍സെടുത്തപ്പോള്‍ തന്നെ ധോണി 10,000 റണ്‍സെന്ന നാഴികകല്ലിലെത്തിയിരുന്നു. ഏകദിനത്തില്‍ ഈ നേട്ടം കൊയ്യുന്ന 5ാമത്തെ ബാറ്റ്‌സ്മാനാണ് ധോണി.

ധോണിക്ക് പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായി. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്സറുകളും പറത്തി 72 റണ്‍സെടുത്ത ഹാന്‍ഡ്സ്‌കോമ്പാണ് ഓസീസിനായി പോരാടിയത്. ഇന്നിങ്സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിന്‍സ് സ്‌കോര്‍ 288-ല്‍ എത്തിക്കുകയായിരുന്നു.

Exit mobile version