വിംബിള്‍ഡണ്‍ വരെ കളിക്കണമെന്നായിരുന്നു ആഗ്രഹം, പക്ഷെ..! പൊട്ടിക്കരഞ്ഞു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ച് ആന്‍ഡി മറെ

മെല്‍ബണ്‍: ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മറെ ടെന്നീസില്‍ നിന്നും വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു. മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായിട്ടുള്ള താരമാണ് മറെ. വിബിംള്‍ഡണ്‍ വരെ കരിയര്‍ തുടരണമെന്നാണ് ആഗ്രഹം എന്നാല്‍ അത്രയും നാള്‍ കളിക്കാനാകില്ലെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും താരം മെല്‍ബണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പറഞ്ഞത്.

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മറെ. നിലവില്‍ ലോക റാങ്കിംഗില്‍ 240-ാം സ്ഥാനത്താണ് മറെ. റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തിലും മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും സ്വന്തമാക്കാന്‍ മറെയ്ക്ക് സാധിച്ചു.

2016ല്‍ രണ്ടാം വിംബിള്‍ഡന്‍ കിരീടവും ഫെഡററെ തോല്‍പ്പിച്ച് രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചിരുന്നു. കൂടാതെ, നീണ്ട 76 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബ്രിട്ടനിലേക്ക് യുഎസ് ഓപ്പണ്‍ കിരീടമെത്തിച്ച താരമാണ് മറെ. 2012ലായിരുന്നു അദ്ദേഹത്തിന്റെ ചരിത്ര നേട്ടം. 1936ല്‍ ഫ്രെഡ് പെറിയ്ക്ക് ലഭിച്ച യുഎസ് കിരീടത്തിന് ശേഷം ഒരു ബ്രിട്ടീഷ് താരത്തിനും യുഎസ് ഓപ്പണ്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ട്‌ലാന്‍ഡിലാണ് മറെ ജനിച്ചത്.

Exit mobile version