ഏകദിന ശൈലിയില്‍ അടിച്ചു തകര്‍ത്തു! ഹിമാചലിനെതിരെ കേരളത്തിന് അമ്പരപ്പിക്കുന്ന വിജയം; രഞ്ജിയില്‍ നോക്കൗട്ട് റൗണ്ടില്‍

97 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ടെസ്റ്റാണെന്ന് മറന്ന് എകദിന ശൈലിയിലാണ് ബാറ്റ് വീശിയത്.

അംതാര്‍: രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഹിമാചലിനെതിരെ തകര്‍പ്പന്‍ജയം. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ടെസ്റ്റാണെന്ന് മറന്ന് എകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. കേരളത്തിന് കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ രാഹുല്‍ 14 റണ്‍സ് എടുത്തപ്പോഴേക്കും നഷ്ടമായി. എന്നാല്‍ ക്രീസില്‍ ഉറച്ചു നിന്ന വിനൂപ് മനോഹരനും സച്ചിന്‍ ബേബിയും ആഞ്ഞ് ബാറ്റ് വീശിയതോടെ വിജയം അതിവേഗം കൈകളിലെത്തക്കുമെന്ന് തോന്നിപ്പിച്ചു.

പക്ഷെ, സ്‌കോര്‍ 206 ല്‍ എത്തിയപ്പോള്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വിനൂപ് പുറത്തായി. പിന്നാലെ എത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൂജ്യനായി മടങ്ങിയപ്പോള്‍ ആരാധകര്‍ തോല്‍വി ഉറപ്പിച്ചു. എന്നാല്‍, പിന്നാലെ എത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചു. സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണ നല്‍കിയ താരം 53 പന്തില്‍ 61 റണ്‍സ് നേടി. വിജയത്തിന് രണ്ട് റണ്‍സ് അകലെ വെച്ച് 92 റണ്‍സിലാണ് സച്ചിന്‍ ബേബി പുറത്തായത്.

കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 11 റണ്‍സിന്റെ ലീഡ് നേടിയ ഹിമാചല്‍, രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലായിരുന്നു.

ഇരു ടീമുകള്‍ക്കും മുന്നോട്ടു പോകാന്‍ മത്സരത്തിന് ഫലം അനിവാര്യമായ സാഹചര്യത്തില്‍ ഇതേ സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ഹിമാചല്‍ ക്യാപ്റ്റന്റെ തീരുമാനമാണ് നാലാം ദിനം പോരാട്ടം ആവേശകരമാക്കിയത്.

ഇതോടെ ഹിമാചല്‍ അവസാന ദിനം കേരളത്തിന് മുന്നിലുയര്‍ത്തിയത് 297 റണ്‍സിന്റെ വിജയലക്ഷ്യം. തുടര്‍ന്ന് അംതാറില്‍ ജീവന്മരണ പോരാട്ടത്തില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് കേരളം 67 ഓവറില്‍ വിജയം അടിച്ചെടുത്തത്. 4.46 റണ്‍നിരക്കിലാണ് കേരളം വിജയം കണ്ടത്.ജയത്തോടെ കേരളം നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം ഉറപ്പിച്ചു.

Exit mobile version