ഒട്ടനേകം സ്ത്രീകളുമായി ബന്ധമെന്ന് പാണ്ഡ്യ; 18ാം വയസിലെ കോണ്ടത്തെ കുറിച്ച് രാഹുല്‍; വിവാദവും മാപ്പ് പറച്ചിലും ബിസിസിഐയ്ക്ക് തലവേദന; നടപടിക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത് സ്ത്രീ വിരുദ്ധവും മാന്യതയ്ക്ക് നിരക്കാത്തതുമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും ലോകേഷ് രാഹുലിനുമെതിരെ നടപടി വന്നേക്കും. ലൈംഗിക ജീവിതത്തെ കുറിച്ചും നിരവധി സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ചുമാണ് ഇരുവരും തുറന്ന് പറഞ്ഞത്. ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടിക്ക് ഒരുങ്ങുതായാണ് സൂചന. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ബിസിസിഐ ഇരുവരോടും വിശദീകരണം തേടിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിമര്‍ശനം ശക്തമായതോടെ ഹര്‍ദ്ദിക് പാണ്ഡ്യ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ബിസിസിഐയേയും ഇന്ത്യന്‍ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങള്‍. ലൈംഗിക ജീവിതത്തെ കുറിച്ച് പാണ്ഡ്യ നടത്തിയ വിവാദ പ്രസ്താവനകളില്‍ നടപടി വേണമെന്നും ബിസിസിഐയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. മാപ്പു പറച്ചില്‍ ഇതിനൊരു പരിഹാരമല്ല. യുവ തലമുറയ്ക്ക് മാതൃകയാകാന്‍ താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയിലെ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കളിക്കാര്‍ ക്രിക്കറ്റ് ഇതര ചാറ്റ് ഷോകളില്‍ പങ്കെടുക്കുന്നത് വിലക്കുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.

Exit mobile version