‘1983ല്‍ നമ്മള്‍ ലോകകപ്പ് നേടുമ്പോള്‍ ഞങ്ങള്‍ ജനിച്ചിട്ട് പോലുമില്ല’: ആദ്യ മത്സരം മുതല്‍, ഇന്ന് വരെ വിജയത്തിലാണ് ശ്രദ്ധ; രോഹിത് ശര്‍മ

മുംബൈ: ബുധനാഴ്ച നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലിന് മുമ്പായി ടീമിന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നമുക്ക് എങ്ങനെ മെച്ചപ്പെടാം, എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് താരങ്ങളുടെ ശ്രദ്ധ. അവര്‍ എന്തിനും തയ്യാറാണ്. അതാണ് ഈ ടീമിന്റെ സൗന്ദര്യം. മുന്‍കാല റെക്കോഡുകള്‍ക്ക് ഇപ്പോള്‍ വലിയ പങ്കുവഹിക്കാനാവില്ലെന്നും രോഹിത് പറഞ്ഞു.

‘1983ല്‍ നമ്മള്‍ ലോകകപ്പ് നേടുമ്പോള്‍ ഞങ്ങള്‍ ജനിച്ചിട്ട് പോലുമില്ല. 2011ല്‍ ലോകകപ്പ് കിരീടത്തിലെത്തുമ്പോള്‍ ഞങ്ങളില്‍ പകുതി പേരും കളി തുടങ്ങിയിട്ടുമില്ല. നമ്മുടെ മുന്‍ ലോകകപ്പുകള്‍ എങ്ങനെ നേടിയെന്ന് അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. നമുക്ക് എങ്ങനെ മെച്ചപ്പെടാം, എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് അവരുടെ ശ്രദ്ധ. ആദ്യ മത്സരം മുതല്‍, ഇന്ന് വരെ വിജയത്തിലാണ് ശ്രദ്ധ. അതാണ് ഈ ടീമിന്റെ സൗന്ദര്യം’, രോഹിത് പറഞ്ഞു.

ആള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് മടങ്ങിയതോടെ അഞ്ച് സ്‌പെഷലിസ്റ്റ് ബൗളര്‍മാരെ മാത്രം വെച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ബൗളറുടെ റോളും പരീക്ഷിച്ച രോഹിത്, തനിക്ക് പുറമെ ബാറ്റര്‍മാരായ വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരെയും ബൗളര്‍മാരായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യത്തിനനുസരിച്ച് ടീം കോമ്പിനേഷന്‍ രൂപപ്പെടുത്തിയെന്നും താരങ്ങള്‍ എന്തിനും തയാറാണെന്നും രോഹിത് പറഞ്ഞു.

‘ഹാര്‍ദിക്കിന് പരിക്കേറ്റപ്പോള്‍ തന്നെ നമ്മുടെ കോമ്പിനേഷന്‍ മാറി. ഒന്നാമത്തെ മത്സരം മുതല്‍, മറ്റുള്ളവരെയും ബൗള്‍ ചെയ്യാന്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. ഓപ്ഷനുകള്‍ ഉള്ളത് നല്ലതാണ്, പക്ഷെ അത് ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, രോഹിത് കൂട്ടിച്ചേര്‍ത്തു.

Exit mobile version