ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി ഇന്ത്യയ്ക്ക് സ്വന്തം! നിര്‍മ്മാണം പുരോഗമിക്കുന്നു

അഹമ്മദാബാദ്: മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തേക്കാള്‍ വലിയ സ്‌റ്റേഡിയം ഒരുക്കി ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്ക്. ഒരു ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഹമ്മദാബാദില്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പരിമാല്‍ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്ന് പ്രസിഡന്റ് പരിമാല്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

എല്‍ ആന്റ് ഡി കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. 700 കോടി രൂപയാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാഡമിയും ഉണ്ടാകും.
ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. 55 റൂമുകളുള്ള ക്ലബ്ബ് ഹൗസും 76 കോര്‍പ്പറേറ്റ് ബോക്‌സുകളും സ്റ്റേഡിയത്തിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

Exit mobile version