മോശം പ്രകടനവും ചെലവു ചുരുക്കലും; ബ്ലാസ്റ്റേഴ്‌സ് വിട്ട് വമ്പന്മാര്‍; ജിംഗാന്‍ എടികെയിലേക്ക്, വിനീതും നര്‍സാരിയും ചെന്നൈയിലേക്ക് അനസ് പൂണെയിലും; ആരാധകര്‍ക്ക് നിരാശ

ആരാധകരെ പോലും കൈവിടുന്ന ഘട്ടത്തിലെത്തിയതിനു പിന്നാലെ ടീമില്‍ വന്‍ മാറ്റങ്ങള്‍.

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം ആരാധകരെ പോലും കൈവിടുന്ന ഘട്ടത്തിലെത്തിയതിനു പിന്നാലെ ടീമില്‍ വന്‍ മാറ്റങ്ങള്‍. ഐഎസ്എല്‍ അഞ്ചാം സീസണില്‍ നിരാശപ്പെടുത്തിയ ബ്ലാസ്റ്റഴേസ് പ്രധാന താരങ്ങളെ വിട്ട് നില്‍കി വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍, സികെ വിനീത്, ഹാളിചരണ്‍ നര്‍സാരി, അനസ് എടത്തൊടിക എന്നീ മുന്‍നിര താരങ്ങള്‍ മറ്റു ടീമുകളിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവരെ വായ്പാടിസ്ഥാനത്തിലാണ് മറ്റ് ടീമുകള്‍ക്ക് നല്‍കുന്നത്. വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് പോകുന്നത്. അനസ് എടത്തൊടിക പുണെ സിറ്റിയിലേക്കും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ എടികെയിലേക്കും മാറും. തുടര്‍ച്ചയായി അഞ്ചാം സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ക്യാപ്റ്റന്‍ ജിംഗാന്‍. കഴിഞ്ഞ സീസണില്‍ എടികെ മികച്ച ഓഫറുമായി സമീപിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം നില്‍ക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്സിലെത്തി ഒരു സീസണ്‍ പൂര്‍ത്തിയാക്കും മുമ്പാണ് മലയാളിതാരം അനസിന് ടീം വിടേണ്ടി വരുന്നത്.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് താരങ്ങളെ കൈമാറുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇവരുടെ കൈമാറ്റം നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സീസണില്‍ അമ്പേ പരാജയപ്പെട്ട ടീമിനെ ആരാധകരും കൈവിട്ട മട്ടാണ്. കൊച്ചി സ്റ്റേഡിയത്തില്‍ കളി കാണാനെത്തുന്ന കാണികളുടെ എണ്ണത്തിലുണ്ടായ വലിയ കുറവ് ഇതാണ് സൂചിപ്പിക്കുന്നത്.

Exit mobile version