മഴ ചതിച്ചു; നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഫോളോ ഓണ്‍ ഭീഷണിയില്‍; ചരിത്രം പിറക്കുന്ന നിമിഷത്തിനായി കാത്ത് ഇന്ത്യന്‍ ആരാധകര്‍!

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ നാലാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ആതിഥേയരായ ഓസ്‌ട്രേലിയ തോല്‍വിയുടെ ഭീഷണിയില്‍. മഴ മൂലം സിഡ്‌നി ടെസ്റ്റിലെ നാലാം ദിനത്തിലെ ആദ്യ സെഷന്‍ ഉപേക്ഷിച്ചു. ഒരു പന്ത് പോലും എറിയാനാവാതെ ആദ്യ സെഷനിലെ കളി ഉപേക്ഷിച്ച് നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുകയായിരുന്നു.

അതേസമയം, 622ന് ഡിക്ലയര്‍ ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്ക് എത്തണമെങ്കില്‍ ഓസ്‌ട്രേലിയക്ക് ഇനി 386 റണ്‍സ് കൂടി വേണം. ഓസ്‌ട്രേലിയ ഇന്ത്യയുടെ സ്പിന്‍ കരുത്തിന് മുന്നില്‍ അടിപതറിയ കാഴ്ചയായിരുന്നു മൂന്നാം ദിനം കാണാനായത്. ശേഷം, വെളിച്ചക്കുറവു മൂലം കളി നിര്‍ത്തിവെച്ചതും ഓസീസിന് തിരിച്ചടിയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് എന്നനിലയിലാണ് മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചത്.

ഇതിനിടെ, സിഡ്‌നി ടെസ്റ്റ് ഫലം സമനിലയായാലും വിജയമായാലും ഓസീസിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര പരമ്പരനേട്ടം സ്വന്തമാക്കാം. തന്റെ മുന്‍ഗാമികളൊന്നും നേടാത്ത ചരിത്ര നേട്ടമാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകരും.

Exit mobile version