കേരളത്തിന്റെ ചെറുത്ത് നില്‍പ്പ് വിഫലം; ശുഭ്മന്‍ ഗില്‍ തകര്‍ത്തു; പഞ്ചാബിന് 10 വിക്കറ്റ് ജയം!

128 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 27.4 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 131 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

മൊഹാലി: രഞ്ജി ട്രോഫിയില്‍ ചെറുത്തു നില്‍പ്പുകളെ വിഫലമാക്കി കേരളത്തിനെതിരെ പത്ത് വിക്കറ്റ് ജയം സ്വന്തമാക്കി പഞ്ചാബ്. 128 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് 27.4 ഓവറില്‍ നിന്ന് വിക്കറ്റ് നഷ്ടമില്ലാതെ 131 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 69 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും 48 റണ്‍സുമായി ജീവന്‍ജോത് സിംഗുമാണ് പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്. പഞ്ചാബിന്റെ ഓപ്പണര്‍മാരുടെ ബാറ്റിങ് കരുത്തിനെ പരീക്ഷിക്കാന്‍ കേരളത്തിന്റെ ബോളേഴ്‌സിന് സാധിച്ചില്ല. കേരള ബോളര്‍മാര്‍ക്ക് ഒരവസരവും ബാക്കിവെയ്ക്കാതെ തകര്‍ത്തടിക്കുകയായിരുന്നു പഞ്ചാബ്.

ഇതോടെ മത്സരത്തില്‍ നിന്ന് പഞ്ചാബ് ഏഴ് പോയിന്റ് നേടി. രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കുവാനുളള കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ഈ മത്സരഫലം തിരിച്ചടിയാവും.

നേരത്തെ 190/4 എന്ന ശക്തമായ നിലയില്‍ നിന്ന് കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 223 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കേരളത്തിനായി സെഞ്ച്വറി നേട്ടത്തോടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൊരുതിയെങ്കിലും മായങ്ക് മാര്‍ക്കണ്ഡേയുടെ പന്തുകള്‍ക്ക് മുന്നില്‍ കേരളത്തിന്റെ മറ്റ് താരങ്ങള്‍ പതറുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ 112 റണ്‍സുമായി കേരളത്തിന്റെ ടോപ് സ്‌കോറര്‍ ആയി.

Exit mobile version