റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബിലേക്ക്: ലോകപ്പിന് ശേഷം 500 മില്യണ്‍ യൂറോയുടെ കരാര്‍

ദോഹ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് ശേഷം സൗദി ക്ലബായ അല്‍ നാസറില്‍ ചേരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ക്ലബുമായി താരം 500 മില്യണ്‍ യൂറോയുടെ കരാര്‍ ഒപ്പുവെക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് വിവരം.

റിപ്പോര്‍ട്ട് പ്രകാരം രണ്ടര വര്‍ഷത്തെ കരാറാണ് താരത്തിന് മുന്നില്‍ ക്ലബ് വെച്ചിരിക്കുന്ന ഓഫര്‍. ഒരു സീസണ് 200 മില്യണ്‍ യൂറോയായിരിക്കും പ്രതിഫലം. പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുള്ള ക്രിസ്റ്റിയാനോയെ പുറത്താക്കിയത്.

അഭിമുഖത്തില്‍ യുണൈറ്റഡിനെതിരെയും പരിശീലകര്‍ക്കെതിരെയും ക്രിസ്റ്റ്യാനോ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗിനോട് ഒരു ബഹുമാനവും ഇല്ലെന്ന് താരം തുറന്നടിച്ചിരുന്നു.

കോച്ച് മാത്രമല്ല മറ്റു രണ്ടോ മൂന്നോ പേര്‍ കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല. കഴിഞ്ഞ വര്‍ഷവും അവര്‍ക്ക് ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.

Exit mobile version