വ്യാമോഹം എന്ന് പരിഹസിച്ചവരെ കൊണ്ട് വാമോസ് അര്‍ജന്റീന വിളിപ്പിച്ച് മെസി; മെക്‌സിക്കോയോട് ഏകപക്ഷീയ ജയം; പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവം

ദോഹ: അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായ ടൂര്‍ണമെന്റിനായി ഖത്തറിലെത്തിയ മെസിക്ക് ആദ്യ മത്സരത്തില്‍ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വാങ്ങി ആരാധകരുടെ ഹൃദയം തകര്‍ത്ത അര്‍ജന്റീന ടീം ഇന്ന് അതേ സ്‌റ്റേഡിയത്തില്‍ വെച്ച് മെക്‌സിക്കോയെ തൂത്തു കളഞ്ഞിരിക്കുകയാണ്. എതിരില്ലാത്ത രണ്ടു ഗോളിന് മെക്‌സിക്കോയെ തകര്‍ത്ത് അര്‍ജന്റീന നോക്കൗട്ട് സാധ്യത സജീവമാക്കിയിരിക്കുകയാണ്.

ലൂസൈല്‍ സ്റ്റേഡിയത്തിലെ ആര്‍ത്തിരമ്പുന്ന ആരാധകരെ നിരാശരാക്കാതെ മെസിയുടെ കാലില്‍ നിന്നുതിര്‍ന്ന മനോഹരമായ ഗോളാണ് അര്‍ജന്റീനയ്ക്ക് ജയത്തിന്റെ ആദ്യസൂചനകള്‍ സമ്മാനിച്ചത്. ലോകകപ്പിലെ മെസിയുടെ എട്ടാം ഗോളാണിത്. വാമോസ് വിളികള്‍ അതിന്റെ ഉച്ഛസ്ഥായിലെത്തിയ നിമിഷമായിരുന്നു അത്. 87ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ എന്‍സോ ഫെര്‍ണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കിയതോടെ അര്‍ജന്റീന ഏക പക്ഷീയമായ ജയം ഉറപ്പിക്കുകയായിരുന്നു.

ALSO READ- കരിയറിലെ കാഠിന്യമേറിയ ദിനങ്ങളാണിത്; പരിമിതികളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് ഞാന്‍; തിരിച്ചുവരുമെന്ന് നെയ്മര്‍

67ാം മിനിറ്റില്‍ മെസി അവതരിച്ചില്ലായിരുന്നെങ്കില്‍, പകരക്കാരനായി എത്തിയ എന്‍സോയെത്തിയില്ലായിരുന്നെങ്കില്‍ മറ്റൊന്നായേനെ മത്സര ഫലം. ഗോളടിച്ചും ഗോളടിപ്പിച്ചും ലയണല്‍ മെസിയാണ് കളത്തിലുടനീളം നിറഞ്ഞത്. ഗ്രൂപ് സിയിലെ നിര്‍ണായക മത്സരത്തില്‍ ജയം അര്‍ജന്റീനയ്ക്ക് അനിവാര്യമായിരുന്നു.

ജയത്തോടെ ഗ്രൂപ് സിയില്‍ അര്‍ജന്റീന പോളണ്ടിന് (നാല്) പിറകില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. പോളണ്ടിനോട് തോറ്റെങ്കിലും സൗദിക്ക് മൂന്നു പോയിന്റുണ്ട്. മെക്‌സികോക്ക് ഒരു പോയിന്റാണ് ഉള്ളത്.

Exit mobile version