രോഹിത് ശര്‍മ്മയ്ക്കും റിതികയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; കുഞ്ഞിനെ കാണാന്‍ താരം നാട്ടിലേക്ക്!

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മക്കും ഭാര്യ റിതിക സജ്‌ദേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മക്കും ഭാര്യ റിതിക സജ്‌ദേഹയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. റിതികയുടെ കസിനും സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമാ ഖാന്‍ ആണ് ഇന്‍സ്റ്റഗ്രാമിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. റിതിക ഗര്‍ഭിണിയാണെന്ന വിവരം മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും കുടുംബം മറച്ചു വെച്ചിരിക്കുകയായിരുന്നു.

എന്നാല്‍ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താനെന്ന് സഹതാരങ്ങളോട് രോഹിത്ത് വെളിപ്പെടുത്തിയതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിസ്മസിനു മുന്‍പ് വന്ന ഈ റിപ്പോര്‍ട്ട് പക്ഷെ ഇപ്പോഴാണ് ചര്‍ച്ചയാകുന്നത്.

ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള രോഹിത് ശര്‍മ്മ കുഞ്ഞിനെ കാണാന്‍ ഇന്ത്യയിലേക്ക് തിരിക്കുന്നതായും സിഡ്‌നി ടെസ്റ്റിനുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version