റിയല്‍ കൊമ്പന്മാര്‍! ജംഷഡ്പൂരിനെ ചാരമാക്കി; ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫൈനലില്‍

മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന നിമിഷം യാഥാര്‍ഥ്യമായി, ജംഷഡ്പൂരിന്റെ അടങ്ങാത്ത ഗോള്‍മോഹത്തെ അവിശ്വനീയമായ സേവുകളിലൂടെ രക്ഷപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍.

ണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ഉറപ്പിച്ചത്. നേരത്തെ ഒന്നാം പാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 2016ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത്.

ആദ്യ പാദ സെമിയിലെ ഒരു ഗോളിന്റെ ലീഡാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി 2-1നായിരുന്നു വിജയം. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത്.

ലീഗ് ഷീല്‍ഡ് ജേതാക്കളായിരുന്നിട്ടും ജംഷഡ്പൂരിനെ തീര്‍ത്തും അപ്രസക്തമാക്കുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിലെ ടീമിന്റെ വിജയശില്‍പിയായ സഹല്‍ ഇല്ലാതെയായിരുന്നുവെങ്കിലും അതിന്റെ ക്ഷീണമൊന്നും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കളിയില്‍ ജംഷഡ്പൂര്‍ പരിശീലകന്‍ ഓവന്‍ കോയലിനും ബ്ലാസ്റ്റേഴ്സ് താരം ആയുഷ് അധികാരിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.

കളിയാരംഭിച്ച് 18-ാം മിനുറ്റില്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ആദ്യഗോള്‍ നേടി. അഡ്രിയാന്‍ ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്‌കോറര്‍. ആദ്യ പകുതി മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്സിനെതിരെ ജംഷഡ്പൂര്‍ 50-ാം മിനുറ്റില്‍ ഗോള്‍ മടക്കി. ടീമിന്റെ പ്രതിരോധ നിരയുടെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ സമനിലയിലും ഇരുപാദങ്ങളിലുമായി വിജയവും നേടിയെടുത്തത്. എടികെ- ഹൈദരാബാദ് മത്സരത്തിലെ വിജയികളെയാവും ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ നേരിടുക.

Exit mobile version