‘വാര്‍ണര്‍ പറഞ്ഞു, ഞാന്‍ കൃത്രിമം കാണിച്ചു’; പന്തു ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണറെ കുറ്റപ്പെടുത്തി ബാന്‍ക്രോഫ്റ്റ്

സിഡ്നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ നാണം കെടുത്തിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്. അന്നത്തെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പന്ത് ചുരണ്ടിയതെന്ന് ബാന്‍ക്രോഫ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഡേവ് ആണ് പന്തില്‍ അത്തരമൊരു കാര്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത്. ആ തീരുമാനം തന്റെ മൂല്യങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നെന്നാണ് ഫോക്സ് സ്പോര്‍ട്സിനോട് വിവാദത്തെ കുറിച്ച് ബാന്‍ക്രോഫ്റ്റ് പ്രതികരിച്ചത്. താന്‍ ഇരയാക്കപ്പെട്ടതാണെന്ന അഭിപ്രായമില്ലെന്നും താരം പറഞ്ഞു.

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്കാകില്ല, പക്ഷെ തനിക്കത് ചെയ്യാതിരിക്കാമായിരുന്നു, വലിയ തെറ്റാണ് തന്റെ ഭാഗത്തു നിന്നുമുണ്ടായത്- കുറ്റബോധത്തോടെ ബാന്‍ക്രോഫ്റ്റ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെയായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഉലച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടി, പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തി കൃത്രിമം കാണിച്ചുവെന്നാണ് ടീമിനെതിരെ ഉയര്‍ന്ന ആരോപണം. ഇത് ശരിവെയ്ക്കുന്ന വീഡിയോകളും പുറത്തു വന്നിരുന്നു. ഈ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ഒരു വര്‍ഷം സസ്പെന്‍ഷനും പന്ത് ചുരണ്ടിയ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം സസ്പെന്‍ഷനും വിധിച്ചിരുന്നു.

Exit mobile version