ബോക്‌സിങ് ഡേ ടെസ്റ്റ്: മായങ്ക് അഗര്‍വാളിന് അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍; ടോസിടാന്‍ കുഞ്ഞ് ഷില്ലറും

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓപ്പണറായ ഹനുമന്‍ വിഹാരിയെ നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും പൂജാരയുടെയും കരുത്തില്‍ മുന്നോട്ട് നീങ്ങുകയാണ്. ടെസ്റ്റില്‍ അരങ്ങേറ്റത്തിനിറങ്ങിയ മായങ്ക് അഗര്‍വാള്‍ അര്‍ധസെഞ്ച്വറിയോടെ ആദ്യമത്സരം ഗംഭീരമാക്കി.

97 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് മായങ്ക് അര്‍ധ സെഞ്ചുറിയിലെത്തിയത്. ഈ പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ്. 64 റണ്‍സെടുത്ത മായങ്കിനൊപ്പം 31 റണ്‍സുമായി ചേതേശ്വര്‍ പൂജാരയാണ് ക്രീസില്‍. എട്ടു റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ആരോണ്‍ ഫിഞ്ച് പിടിച്ചാണ് വിഹാരി പുറത്തായത്.

മെല്‍ബണില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്
ലിക്ക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമായിരുന്ന കെഎല്‍ രാഹുലിനെയും മുരളി വിജയെയും പുറത്തിരുത്തി ഹനുമ വിഹാരിയും അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 295-ാമത്തെ താരമാണ് മായങ്ക്.

ഇന്ത്യന്‍ നിരയില്‍ മായങ്കിന് പുറമെ, ജഡേജയും രോഹിത് ശര്‍മയും തിരിച്ചെത്തി. അതേസമയം ഓസീസ് നിരയില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനു പകരം മിച്ചല്‍ മാര്‍ഷ് ടീമിലെത്തി. എല്ലാ വര്‍ഷവും ക്രിസ്മസ് പിറ്റേന്നു മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ എതിരാളികളെ തറപറ്റിച്ചതിന്റെ ചരിത്രമാണ് ഓസീസിന്റേത്. നാലു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കിയതോടെ മെല്‍ബണിലെ മൂന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പോരാട്ടം പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

അതേസമയം, ക്രിക്കറ്റ് ചരിത്രത്തില്‍ നന്മയുടെ നാഴികക്കല്ലായി മത്സരത്തില്‍ ടോസിനായി ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലറും എത്തിയിരുന്നു. ഓസീസ് ടീമിന്റെ ഉപനായകനായി ക്യാപ്റ്റന്‍ ടിം പെയ്നിനൊപ്പമാണ് ഷില്ലര്‍ എത്തിയത്. ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെടുന്ന കുഞ്ഞ് ഷില്ലറുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത് അപൂര്‍വമായ ഹൃദ്രോഗമായിരുന്നു. മേയ്ക്ക് എ വിഷ് ഫൗണ്ടേഷന്റെ ഇടപെടലിലൂടെയാണ് കുഞ്ഞ് ഷില്ലര്‍ക്ക് ടീമിലേക്കുള്ള വഴി തുറന്നത്. ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്ത സംഘടനയാണ് മേയ്ക്ക് എ വിഷ്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് അടക്കം വിധേയനായ ഈ ഏഴു വയസുകാരന്‍ ഷില്ലര്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

Exit mobile version