കുഞ്ഞ് മെഹ്ദിനെ അമ്പരപ്പിച്ച് വീണ്ടും ആഴ്‌സണലിന്റെ സ്‌നേഹ സമ്മാനം; ഇത്തവണയും മഞ്ചേരിക്കാരെ ഞെട്ടിച്ച് വീഡിയോയുമായി സാക്ഷാല്‍ ഓസില്‍

ഫുട്‌ബോളിനെ നെഞ്ചേറ്റിയ മഞ്ചേരിക്കാരന്‍ ഇന്‍സമാമിന് വീണ്ടും ആഴ്‌സനല്‍ ക്ലബിന്റെ സ്‌നേഹസമ്മാനം.

മലപ്പുറം: ഫുട്‌ബോളിനെ നെഞ്ചേറ്റിയ മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉള്‍ഹഖിന് വീണ്ടും ആഴ്‌സനല്‍ ക്ലബിന്റെ സ്‌നേഹസമ്മാനം. ഇന്‍സമാമിന്റെ കുഞ്ഞിന് ക്ലബ് സമ്മാനമായി കുഞ്ഞ് ജേഴ്‌സി അയച്ചുകൊടുത്താണ് ആരാധകനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

സൂപ്പര്‍താരം ഓസില്‍ തന്നെയാണ് കുഞ്ഞ് മെഹദിനുള്ള ജേഴ്‌സി അയച്ചത്. ഇക്കാര്‌യങ്ങള്‍ വിവരിക്കുന്ന ഒരു വീഡിയോയും ആഴ്‌സണല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സമ്മാനവുമായി നില്‍ക്കുന്ന കുഞ്ഞ് മെഹദും വീഡിയോയിലുണ്ട്. ഇതിനെല്ലാം ഇന്‍സമാം നന്ദി പറയുന്നുമുണ്ട്. ഓസിലിനെ കാണാന്‍ സാധിക്കട്ടെയെന്ന പ്രതീക്ഷയും ഇന്‍സമാം പങ്കുവെച്ചു.

കുട്ടിക്കാലം മുതല്‍ ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലിനോടുള്ള ആരാധന നെഞ്ചില്‍ കൊണ്ടു നടക്കുകയായിരുന്നു മഞ്ചേരിക്കാരന്‍ ഇന്‍സമാം. ഒടുക്കം തന്റെ പിഞ്ചോമനയ്ക്കായി ആഴ്‌സണലിന്റെ സൂപ്പര്‍ താരം മെസ്യൂട്ട് ഓസിലിന്റെ പേരാണ് ഇന്‍സമാം നല്‍കിയതും. മെഹ്ദ് ഓസിലെന്നാണ് കുഞ്ഞിന് ഇന്‍സമാം പേരിട്ടത്. ഭാര്യ ഗര്‍ഭിണി ആണെന്ന് അറിഞ്ഞ സമയത്തു തന്നെ ആണ്‍കുഞ്ഞാണെങ്കില്‍ ആഴ്‌സണല്‍ താരത്തിന്റെ പേരിടണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് ഇന്‍സമാം വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ഇന്‍സമാമിന്റെയും ഭാര്യ ഫിദ സനത്തിന്റെയും കുഞ്ഞ് ഓസിലിന്റെയും അപൂര്‍വ്വ സ്‌നേഹകഥ ആഴ്‌സണല്‍ ക്ലബ് കഴിഞ്ഞ ഏപ്രിലിലാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്. മലപ്പുറംകാരന്റെ ഫുട്‌ബോള്‍ പ്രേമവും ആഴ്‌സണലിന്റെ ആരാധകനോടുള്ള സ്‌നേഹവും ഇതോടെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Exit mobile version