“അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നു” : ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയയും

സിഡ്‌നി : അമേരിക്കയ്ക്ക് പിന്നാലെ ബെയ്ജിങ്ങില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് ഓസ്‌ട്രേലിയയും. ഒളിംപിക്‌സ് ബഹിഷ്‌കരിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ബെയ്ജിങ്ങിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.

ഓസ്‌ട്രേലിയയും ചൈനയും കായിക പ്രശ്‌നങ്ങളെയും മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളെയും വേര്‍തിരിച്ച് കാണുന്നുവെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.”സിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും കാന്‍ബെറയുമായുള്ള മന്ത്രിതല സമ്പര്‍ക്കത്തില്‍ ബെയ്ജിങ്ങിന്റെ തുടര്‍ച്ചയായ മരവിപ്പിക്കലും അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ താല്പര്യത്തിനൊപ്പം ഉറച്ചു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകില്ല.” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും കായികതാരങ്ങള്‍ക്ക് വേണ്ട എല്ലാ പിന്തുണയും ഉറപ്പ് വരുത്തുമെന്നും ഓസ്‌ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചു. ഓസ്‌ട്രേലിയയുടെ വിദേശ ഇടപെടല്‍ നിയമങ്ങളും ആണവോര്‍ജം പ്രവര്‍ത്തിക്കുന്ന അന്തവര്‍വാഹിനികള്‍ സ്വന്തമാക്കാനുള്ള തീരുമാനവും ഉള്‍പ്പടെ നിര്‍വധി വിഷയങ്ങളില്‍ ചൈനയുമായി ഓസ്‌ട്രേലിയയ്ക്ക് വിയോജിപ്പുണ്ട്.

Exit mobile version