ഓസ്‌ട്രേലിയന്‍ ഉപനായകനായി 7വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍! ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളത്തിലിറങ്ങും; ഓസ്‌ട്രേലിയയുടെ സന്മനസിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍ക്ക് ഓസ്‌ട്രേലിയയുടെ സ്‌നേഹസമ്മാനം

മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍ക്ക് ഓസ്‌ട്രേലിയയുടെ സ്‌നേഹസമ്മാനം. ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി ആര്‍ച്ചി അരങ്ങേറും. മൂന്ന് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുഞ്ഞ് ആര്‍ച്ചിക്ക് ‘മേക്ക് എ വിഷ് ഫൗണ്ടേഷന്‍ ‘ എന്ന സംഘടനയുടെ ഇടപെടലിലൂടെയാണ് നാഷണല്‍ ടീമില്‍ അംഗമാകാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഗുരുതര രോഗവസ്ഥയിലുള്ള കുട്ടികളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘മേക്ക് എ വിഷ് ഫൗണ്ടേഷന്‍’.

ഇന്ത്യയ്‌ക്കെതിരെ ക്രിസ്മസ് പിറ്റേന്നു നടക്കുന്ന ടെസ്റ്റില്‍ ഓസീസിനെ ആര്‍ച്ചിയാണ് നയിക്കുക. ക്രിക്കറ്റിലെ നായകന്മാരുടെ നിരയിലെ ഏറ്റവും ജൂനിയര്‍ ആര്‍ച്ചി തന്നെയാണ്. നായകന്‍ ടിം പെയ്‌നിന് കീഴിലുള്ള 15 അംഗ ടീമില്‍ ഉപനായ സ്ഥാനത്താണ് ആര്‍ച്ചിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും ഇടയ്ക്കു ഗ്രൗണ്ടിലെത്താന്‍ ആര്‍ച്ചിക്ക് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.

കടുത്ത ക്രിക്കറ്റ് ആരാധകനായ കുഞ്ഞ് ആര്‍ച്ചിക്ക് അസുഖം മൂലം പുറത്തിറങ്ങി മറ്റു കുട്ടികളുടെ കൂടെ കളിക്കാനും ആഘോഷിക്കാനും സാധിച്ചിരുന്നില്ല. എന്നാല്‍ ടെസ്റ്റിന് മുന്നോടിയായി അഡ്ലെയ്ഡില്‍ പരിശീലനത്തിനെത്തിയ ആര്‍ച്ചി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ അനായാസം പുറത്താക്കാന്‍ കഴിയുമെന്നാണ് ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്നു.

കുഞ്ഞായിരിക്കെ തന്നെ ആര്‍ച്ചിയെ രോഗം കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ആര്‍ച്ചിയുടെ ഹൃദയത്തിലെ തകരാര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. തുടര്‍ന്നു 6 വയസിനിടെ 3 വട്ടം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഭൂരിഭാഗം സമയവും ആര്‍ച്ചി ചെലവിട്ടത് ആശുപത്രിക്കിടക്കയിലാണ്.

ഇതിനിടെയാണ് ഒക്ടോബറില്‍ പാകിസ്താനതിരെയുള്ള ഓസീസിന്റെ ടെസ്റ്റ് പര്യടനത്തിനിടെ അര്‍ച്ചിയുടെ അമ്മ സാറയുടെ ഫോണിലേക്ക് ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറുടെ വീഡിയോ കോള്‍ എത്തിയത്. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീമിലേക്കു ആര്‍ച്ചി ‘തിരഞ്ഞെടുക്കപ്പെട്ട’ കാര്യം ലാംഗര്‍ അറിയിക്കുകയായിരുന്നു.

ക്രിക്കറ്റ് പ്രേമിയായ ആര്‍ച്ചിയുടെ സ്വപ്‌നങ്ങള്‍ക്ക് ഇതോടെ ചിറകുമുളയ്ക്കുകയായിരുന്നു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡും ആര്‍ച്ചിക്ക് പച്ചക്കൊടി കാട്ടിയതോടെ കാര്യങ്ങള്‍ പെട്ടെന്ന് മുന്നോട്ട് പോയി. അഡ്‌ലെയ്ഡ് ടെസ്റ്റിനു മുന്‍പ് ഓസീസ് ടീം അംഗങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങിയ ആര്‍ച്ചി ഓസീസ് നായകന്‍ ടിം പെയ്‌നൊപ്പം സമയം ചെലവഴിച്ചാണ് മടങ്ങിയത്.

ആര്‍ച്ചിയുടെ അമ്മ സാറയ്ക്കും ഇത് സന്തോഷത്തിന്റെ ദിനങ്ങളാണ്, സാറ പറയുന്നത് ഇങ്ങനെ: ‘എത്രനാള്‍ ആര്‍ച്ചി ഞങ്ങളോടൊപ്പമുണ്ടാകും എന്നതില്‍ ഉറപ്പൊന്നുമില്ല. അവന്റെ ഓരോ ദിവസവും സന്തോഷപ്രദമാക്കാന്‍ ഞങ്ങള്‍ ശീലിച്ചിരിക്കുന്നു. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പറ്റാത്തതിനാല്‍ മുറിയിലിരുന്നു പുസ്തകം വായിച്ചു എന്ന് അവന്‍ കഴിഞ്ഞദിവസം പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി’.

അതേസമയം, ആര്‍ച്ചിക്ക് ലെഗ് സ്പിന്നിനോടാണ് താല്‍പര്യമെങ്കിലും ഓസീസ് ഓഫ് സ്പിന്നര്‍ നേഥന്‍ ലയണിന്റെ കടുത്ത ആരാധകനാണ് ആര്‍ച്ചി. പരീശീലനവേളയില്‍ ഓസീസ് ടീമിനായി എന്തുചെയ്യാനാണ് ആഗ്രഹം എന്നുള്ള ചോദ്യത്തിന് ആര്‍ച്ചിയുടെ ഉത്തരം , ‘എനിക്ക് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനാകണം’ എന്നായിരുന്നു!

മെയ്ക്ക് എ വിഷ് ഫൗണ്ടേഷനിലൂടെ അത്യപൂര്‍വ്വ നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റ് കുഞ്ഞുങ്ങള്‍:

1. വിക്ടര്‍: ഒരു ദിവസത്തേക്കു യുഎസിലെ ഹാര്‍ഗ്രോവ് ജില്ലാ കോടതിയുടെ ജഡ്ജിയായ കിഡ്‌നി രോഗ ബാധിതനായ പതിനാറുകാരനായിരുന്നു വിക്ടര്‍.

2. ജാവോ- ഫ്രാന്‍സിസ്‌ക: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റഷ്യന്‍ ലോകകപ്പിനു മുന്‍പ് ജാവോ- ഫ്രാന്‍സിസ്‌ക എന്നീ കുട്ടികള്‍ക്കൊപ്പം ചെലവിട്ടതു മണിക്കൂറുകള്‍.

3. ഫ്രാങ്കി കോലുറാഫിക്കി: പതിനാറുകാരന്‍ ഫ്രാങ്കി അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗില്‍ റേവന്‍സിനായി ഒരു മല്‍സരത്തില്‍ കളിച്ചു. മസ്തിഷ്‌ക ജ്വര ബാധിതനായിരുന്നു.

4. ക്രിസ് ഡേവിസ്: കാന്‍സര്‍ ബാധിതനായി ക്രിസ് ഡേവിഡ് എന്ന 10 വയസ്സുകാരന്‍ അമേരിക്കന്‍ ബേസ്‌ബോള്‍ ക്ലബ് ഓക്ലന്‍ഡ് അത്ലറ്റിക്‌സിനായി അരങ്ങേറി.

Exit mobile version