പൻഡോറ രേഖകളിൽ കുരുങ്ങി ഐപിഎല്ലും; രണ്ട് ടീമുകൾക്ക് പണമെത്തിയത് വിദേശത്ത് നിന്ന്

ന്യൂഡൽഹി: പൻഡോറ രേഖകളിൽ കുരുങ്ങി ഐപിഎൽ ടീമുകൾ. അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് (ഐസിഐജെ) പുറത്തുവിട്ട പൻഡോറ രേഖകളിൽ ഐപിഎല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളുമുണ്ടെന്ന് റിപ്പോർട്ട്. ഐപിഎല്ലിലെ രണ്ട് ടീമുകൾക്കാണ് പൻഡോറയുമായി ബന്ധമുള്ളത്. ബ്രിട്ടീഷ് പൗരന്മാരായ ഇന്ത്യൻ വംശജരാണ് ടീം ഉടമകളെന്ന് പൻഡോറ രേഖകൾ സൂചിപ്പിക്കുന്നു. ടീം ഉടമകൾക്കെല്ലാം ഐപിഎല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോദിയുമായി അടുത്ത ബന്ധമുണ്ട്.

പൻഡോറ രേഖകൾ പ്രകാരം ഐപിഎല്ലിലെ രണ്ട് ടീമുകളിലേക്കുള്ള പണം എത്തിയത് വിദേശത്തുനിന്നാണ്. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്.

വിദേശത്ത് കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം രഹസ്യമായുള്ള ഇന്ത്യക്കാരുടെ പേരുകൾ ഈയിടെയാണ് ഐസിഐജെ പുറത്തുവിട്ടത്. വ്യവസായി അനിൽ അംബാനിയും ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ഭാര്യ അഞ്ജലിയും ഭാര്യാപിതാവ് ആനന്ദ് മേഹ്ത്തയും ജാക്കി ഷിറോഫിന്റെ ഭാര്യാമാതാവും എല്ലാം പട്ടികയിലുണ്ട്.

അതേസമയം, റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട കേന്ദ്രസർക്കാർ അന്വേഷണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യക്ഷ നികുതി ബോർഡ് (സിബിടി) ചെയർമാനായിരിക്കും അന്വേഷണത്തിന് നേതൃത്വം നൽകുക.

Exit mobile version