യുഎഇയിലെ ഐപിഎൽ മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനം; ടിക്കറ്റ് വിൽപന ആരംഭിക്കുന്നു

അബുദാബി: കാണികളുടെ ആരവമില്ലാതെ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലെ മത്സരങ്ങൾക്ക് വിട. യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ കാണികൾക്കും അവസരമൊരുങ്ങുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയിൽ നടത്താൻ കഴിയാതിരിക്കുന്ന ഐപിഎൽ 2021ന്റെ ബാക്കിയുള്ള മത്സരങ്ങളാണ് യുഎഇയിൽ നടക്കുക.

മത്സരങ്ങൾ നടക്കുന്ന അബുദാബി, ദുബായ്, ഷാർജ സ്‌റ്റോഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കാണികളെ പ്രവേശിപ്പിക്കുന്നതിൽ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും സ്വാഗതം അറിയിച്ചതോടെയാണ് ബിസിസിഐയുടെ പ്രഖ്യാപനം ഉണ്ടായത്. വ്യാഴാഴ്ച മുതൽ ടിക്കറ്റ് വിൽപനയും തുടങ്ങും. ഐപിഎൽ വെബ്‌സൈറ്റ് വഴിയും തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഓൺലൈൻ സൈറ്റുകൾ വഴിയും ആളുകൾക്ക് ടിക്കറ്റ് വാങ്ങാം.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നിരക്കുള്ള രാജ്യമായ യുഎഇയിലേക്കാണ് മത്സരങ്ങൾ നടക്കുന്നത് എന്നത് ഐപിഎല്ലിനും ഗുണകരമാവുകയായിരുന്നു. വിദേശികൾ ഉൾപ്പെടുന്ന യുഎഇയിലെ താമസക്കാർ രണ്ടു ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റർ ഡോസും നേരത്തെതന്നെ സ്വീകരിച്ചിട്ടുണ്ട്.

യുഎഇയിൽ പൊതുപരിപാടികളും നിലവിൽ തടസങ്ങളില്ലാതെ നടക്കുന്നുണ്ട്. കാണികളെ പ്രവേശിപ്പിക്കുമെങ്കിലും കളിക്കാർ ബയോ ബബിൾ സംവിധാനത്തിലായിരിക്കും. സ്റ്റേഡിയത്തിന്റെ മുഴുവൻ ശേഷിയിലും കാണികളെ പ്രവേശിപ്പിക്കില്ല. ഐപിഎല്ലിന്റെ രണ്ടായിരത്തി ഇരുപത് എഡിഷൻ യുഎഇയിൽ നടത്തിയപ്പോൾ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.

Exit mobile version