വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് സഹതാരങ്ങള്‍ മൈതാനം വിട്ടാല്‍ പിന്തുണയ്ക്കും : ബെയ്ല്‍

Gareth Bale | Bignewslive

ലണ്ടന്‍ : വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് സഹതാരങ്ങള്‍ മൈതാനം വിട്ടാല്‍ പിന്തുണയ്ക്കുമെന്ന് വെയില്‍സ് നായകനും സ്പാനിഷ് ക്ലബ് റിയല്‍ മഡ്രിഡിന്റെ മുന്നേറ്റനിര താരവുമായ ഗരെത് ബെയ്ല്‍. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്നത് പതിവാക്കുന്ന കാണികളെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് പുറത്താക്കണമെന്നും ബെയ്ല്‍ ആവശ്യപ്പെട്ടു.

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിനിടെ ഹംഗേറിയന്‍ ആരാധകര്‍ ഇംഗ്ലണ്ട് താരങ്ങളായ റഹീം സ്‌റ്റെര്‍ലിങ്, ജൂഡ് ബെല്ലിങ്ങാം എന്നിവരെ വംശീയമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് ബെയ്‌ലിന്റെ പ്രതികരണം. സംഭവത്തില്‍ അച്ചടക്ക നടപടികള്‍ക്ക് തുടക്കമായതായി ഫിഫ നേരത്തേ അറിയിച്ചിരുന്നു. കാണികളുടെ വംശീയ അധിക്ഷേപം തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ താരങ്ങള്‍ കളി മതിയാക്കി മൈതാനം വിടണമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.

“പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഇത് തന്നെ സംഭവിക്കും.” ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ വെയില്‍സ് ഇന്ന് വെലാറൂസിനെ നേരിടാനിരിക്കെ ബെയ്ല്‍ പറഞ്ഞു. “ഞങ്ങള്‍ക്ക് മതിയായ സംരക്ഷണം ലഭിക്കാതിരിക്കുകയോ ഫുട്‌ബോള്‍ ഭരണ സമിതിയില്‍ നിന്ന് മതിയായ സഹകരണം ലഭിക്കാതിരിക്കുകയോ ചെയ്താല്‍ മൈതാനം വിടുന്നതുതന്നെയാകും ഉചിതമായ തീരുമാനം. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പ്രധാനപ്പെട്ടത് തന്നെ, എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഫുട്‌ബോളിനേക്കാള്‍ വളരെ മുകളിലാണ്.”

“വംശീയ അധിക്ഷേപം പതിവാക്കുന്ന കാണികളെ വിലക്കണം. കാണികള്‍ അസഹ്യമാം വിധം വംശീയ അധിക്ഷേപം തുടരുന്ന പശ്ചാത്തലത്തില്‍ ആ രാജ്യത്തെതന്നെ വിലക്കണം. ഒരു തവണ സസ്‌പെന്‍ഷന്‍ ലഭിച്ചാല്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിക്കൊള്ളും. കണ്‍മുന്നില്‍ നടക്കുന്നവയാണെങ്കിലും ഇത്തരം സംഭവങ്ങളില്‍ അച്ചടക്ക നടപടികള്‍ക്കെടുക്കുന്ന കാലതാമസം അംഗീകരിക്കാനാകില്ല.” ബെയ്ല്‍ പറഞ്ഞു.

കിഴക്കന്‍ യൂറോപ്പില്‍ നടന്ന മത്സരങ്ങള്‍ക്കിടെ വെയില്‍സ് താരങ്ങള്‍ മുമ്പും വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്.

Exit mobile version