“ഇറാഖിലോ അഫ്ഗാനിലോ അല്ല, പരിഷ്‌കൃതമായ യൂറോപ്യന്‍ നഗരത്തിലാണീ യുദ്ധമെന്നോര്‍ക്കണം” : യുദ്ധത്തിലും വംശീയത നിറച്ച് പാശ്ചാത്യ മാധ്യമങ്ങള്‍

ഉക്രെയ്ന്‍-റഷ്യ പ്രതിസന്ധി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴി വയ്ക്കുമോ എന്ന ആശങ്കയിലാണ് ലോകം. ഉക്രെയ്‌ന്റെ നാല് പാടും നടക്കുന്ന സ്‌ഫോടനങ്ങളും കൊലപാതകങ്ങളും ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചിരിക്കുന്ന അനേക ലക്ഷം ജനങ്ങളുടെ യാതനകളുമൊക്കെ നിസ്സഹായതയോടെയാണ് ലോകം ഉറ്റു നോക്കുന്നത്. യുദ്ധം ജനജീവിതത്തിന്‌ മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഈ അവസ്ഥയിലും വാര്‍ത്തകളില്‍ വംശീയത കുത്തി നിറയ്ക്കുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍.

തൊലിയുടെ നിറവും സംസാരിക്കുന്ന ഭാഷയുമൊക്കെ തങ്ങളെ മറ്റുള്ളവരേക്കാള്‍ ഏറെ മികച്ചതാക്കുന്നു എന്ന പാശ്ചാത്യ രാജ്യങ്ങളുടെ പരക്കെയുള്ള തെറ്റിദ്ധാരണ മാധ്യമപ്രവര്‍ത്തകര്‍ പോലും ക്യാമറയ്ക്ക് മുന്നില്‍ ഒരു മടിയുമില്ലാതെ പ്രകടിപ്പിക്കുന്നു എന്നതാണ് ആശ്ചര്യം. ടെലിവിഷന്‍ ചാനലുകളിലും മറ്റും, മറ്റ് യുദ്ധങ്ങളില്‍ നിന്ന് എങ്ങനെ ഉക്രെയ്ന്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പരിഷ്‌കൃതമായ യൂറോപ്യന്‍ നഗരങ്ങളിലെ യുദ്ധങ്ങള്‍ മിഡില്‍ ഈസ്റ്റിലെയോ ആഫ്രിക്കന്‍ രാജ്യങ്ങളിലെയോ യുദ്ധങ്ങള്‍ പോലെയല്ല എന്നുമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ തെല്ലും നിസംഗതയില്ലാതെ വിശദീകരിക്കുകയാണ്.

ബിബിസി നടത്തിയ ഇന്റര്‍വ്യൂവില്‍ ഉക്രെയ്‌നിന്റെ ഡെപ്യൂട്ടി ചീഫ് പ്രൊസിക്യൂട്ടര്‍ പറഞ്ഞത് നീലക്കണ്ണുകളും സ്വര്‍ണത്തലമുടിയുമുള്ള യൂറോപ്യന്‍ ജനത കൊല്ലപ്പെടുന്നത് അദ്ദേഹത്തിന് സഹിക്കാനാവുന്നില്ല എന്നാണ്.

സിബിഎസ് ന്യൂസിന്റെ ഒരു റിപ്പോര്‍ട്ടറിന് പരിഷ്‌കൃതമായ ഒരു യൂറോപ്യന്‍ നഗരം ഇങ്ങനെ കത്തിച്ചാമ്പലാകുന്നതിലാണ് സങ്കടം. റിപ്പോര്‍ട്ടിംഗിനിടയില്‍ ഇത് ഇറാഖോ അഫ്ഗാനോ അല്ല, അങ്ങേയറ്റം സംസ്‌കാര സമ്പന്നമായ ഒരു യൂറോപ്യന്‍ നഗരമാണെന്ന് അദ്ദേഹം പറയുന്നുമുണ്ട്.

ഉക്രെയ്‌നിലെ ജനങ്ങള്‍ പ്രാണ രക്ഷാര്‍ഥം കിട്ടിയ ട്രെയിനുകളിലും മറ്റും ഓടിപ്പാഞ്ഞ് കയറുന്ന കാഴ്ചകള്‍ നാമെല്ലാം കണ്ടതാണ്. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ ജസീറയുടെ ന്യൂസ് അവതാരകന്‍ പറഞ്ഞത് ഇവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നോ നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നോ ഓടി രക്ഷപെടുന്ന അഭയാര്‍ഥികളല്ല, മറിച്ച് അഭിവൃദ്ധരായ മിഡില്‍ ക്ലാസ് ജനതയാണെന്നാണ്. അവരുടെ വസ്ത്ര രീതിയില്‍ നിന്നത്‌ മനസ്സിലാക്കാമെന്നായിരുന്നു അയാളുടെ ഭാഷ്യം.

ഒരു ബ്രിട്ടീഷ് ടിവി ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അങ്ങേയറ്റം ആശ്ചര്യത്തോടെയാണ് ഉക്രെയ്‌നിലെ അവസ്ഥ വിവരിച്ചത്. ഇതൊരു മൂന്നാം ലോക വികസ്വര രാജ്യമല്ല, ഇത് യൂറോപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡെയ്‌ലി ടെലഗ്രാഫില്‍ വന്ന ഒരു ആര്‍ട്ടിക്കിളില്‍ ഡാനിയേല്‍ ഹന്നാന്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്‍, തങ്ങളെപ്പോലെ ഇന്‍സ്റ്റഗ്രാമും നെറ്റ്ഫ്‌ളിക്‌സും ഒക്കെയുള്ള ആളുകള്‍ക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നതെന്നും യുദ്ധം നടക്കുന്നത് ഒരു ദരിദ്ര രാജ്യത്തല്ലെന്നും പരിതപിച്ചു.

യുദ്ധഭീതിക്കിടയിലും വംശവെറിക്ക് സമയം കണ്ടെത്തുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ ഉക്രെയ്‌നില്‍ റഷ്യ ആദ്യ സ്‌ഫോടനം നടത്തിയതുമുതല്‍ യൂറോപ്പിലാണ് ഇത് സംഭവിക്കുന്നതെന്ന ആശ്ചര്യം പ്രകടിപ്പിച്ചവരാണ്. ഏഷ്യയിലോ ആഫ്രിക്കയിലോ ഉള്ള മറ്റ് രാജ്യങ്ങളില്‍ ഉള്ളത് പോലെയല്ല യൂറോപ്പില്‍ യുദ്ധം നടക്കുന്നത് എന്നൊക്കെ വിവേചനങ്ങള്‍ പടിക്ക് പുറത്ത് നിര്‍ത്തേണ്ട മാധ്യമപ്രവര്‍ത്തകര്‍ പോലും ഘോരഘോരം പ്രസംഗിക്കുന്നത് ഏറെ പരിതാപകരമായ കാഴ്ചയാണ്.

പാശ്ചാത്യ മാധ്യമങ്ങളുടെ വംശീയത അതിര് കടന്നതോടെ സമൂഹമാധ്യമങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന്‌ അറബ് മിഡില്‍ ഈസ്റ്റ് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ അമേജ ഉക്രെയ്‌നിലെ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ നിഷ്പക്ഷമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടുകളില്‍ വംശീയാധിക്ഷേപം നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും പ്രസ്താവനയിറക്കിയിരുന്നു.

Exit mobile version