റഷ്യന്‍ സൈനികരുടെ ക്രൂര ബലാത്സംഗത്തിനിരയായവരില്‍ പുരുഷന്മാരും ആണ്‍കുട്ടികളുമെന്ന്‌ റിപ്പോര്‍ട്ട്

കീവ് : റഷ്യന്‍ സൈനികര്‍ ഉക്രെയ്‌നില്‍ നടത്തുന്ന ക്രൂരകൃത്യങ്ങളുടെ നടുക്കുന്ന റിപ്പോര്‍ട്ടുകളാണ് ദിവസവും പുറത്തെത്തുന്നത്. ഉക്രെയ്ന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സൈനികര്‍ ക്രൂര ബലാത്സംഗങ്ങള്‍ക്കിരയാക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ പുരുഷന്മാരെയും ചെറിയ ആണ്‍കുട്ടികളെയും ഇവര്‍ ഇത്തരത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍.

കീവില്‍ നടത്തിയ പ്രസ് കോണ്‍ഫെറന്‍സില്‍ യുഎന്‍ വക്താവ് പ്രമീള പട്ടേന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. “പുരുഷന്മാരും ആണ്‍കുട്ടികളും ഉക്രെയ്‌നില്‍ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഭയവും മാനഹാനിയും മൂലം പലരും ഇത് പുറത്തു പറയാന്‍ മടിയ്ക്കുകയാണ്. യുദ്ധഭൂമിയില്‍ നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സഹായിക്കുന്ന തരത്തിലുള്ള അന്തരീക്ഷം നമ്മള്‍ അത്തരക്കാര്‍ക്കായി സൃഷ്ടിക്കേണ്ടതുണ്ട്”. പ്രമീള ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വച്ച്, പുറത്തുവന്ന പരാതികളും വിവരങ്ങളും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന ആശങ്ക പങ്ക് വച്ച ഇവര്‍ ഇക്കാര്യത്തില്‍ യാതൊരു മടിയും വിചാരിയ്ക്കാതെ നേരിട്ട ദുരനുഭവം പുറത്തറിയിക്കാന്‍ ഇരയാക്കപ്പെട്ടവരോട് നിര്‍ദേശിയ്ക്കുകയും കുറ്റക്കാരെ കണ്ടെത്തി തക്ക ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ലോക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

റഷ്യന്‍ സൈനികരുടെ ബലാത്സംഗങ്ങള്‍ക്കിരയാക്കപ്പെട്ട എല്ലാ ആളുകളുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ഉക്രെയ്‌നിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറൈന വെനഡിക്ടോവ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനുള്ള മാര്‍ഗമായിട്ടാണ് സൈനികര്‍ ബലാത്സംഗം നടത്തുന്നതെന്നാണ് അവര്‍ പറഞ്ഞത്. കുട്ടികളുടെ മുന്നില്‍ വച്ചാണ് മിക്ക ക്രൂരതകളുമെന്നും തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പീഡനമെന്നുമൊക്കെ ഇതിനോടകം തന്നെ പല റിപ്പോര്‍ട്ടുകളിലായി പുറത്തെത്തിയിട്ടുണ്ട്.

Exit mobile version