ഉക്രെയ്ന്‍ പ്രതിസന്ധി : കീവില്‍ നിന്ന് കണ്ടെടുത്തത് 900 മൃതദേഹങ്ങള്‍

കീവ് : ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങിയതിന് ശേഷം കണ്ടെടുത്തത് 900 മൃതദേഹങ്ങളെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം പേരും മരിച്ചത് വെടിയേറ്റാണെന്നും മിക്കവര്‍ക്കും നേരെ പ്രകോപനമില്ലാതെ റഷ്യന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. മൃതദേഹങ്ങള്‍ പലതും വഴിയില്‍ ചിതറിക്കിടക്കുന്ന നിലയിലോ താല്ക്കാലികമായി കുഴിച്ചിട്ട നിലയിലോ ആയിരുന്നുവെന്ന്‌ കീവ് റീജിയണല്‍ പോലീസ് ഓഫീസര്‍ ആന്‍ഡ്രി നെബിടോവ് അറിയിച്ചിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തിന് കീഴില്‍ ആളുകള്‍ കാരണമേതുമില്ലാതെ കൊല്ലപ്പെടുകയാണെന്നും മിക്കവര്‍ക്കും നേരെ സൈന്യം നിസ്സംഗം വെടിയുതിര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകരാജ്യങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ കിഴക്കന്‍ ഉക്രെയ്‌നില്‍ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിലാണ് റഷ്യ.തെക്കന്‍ ഉക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളില്‍ വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഇവിടെ റഷ്യന്‍ സൈന്യം മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. ഉക്രെയ്‌നിന്റെ മറ്റൊരു തന്ത്രപധാന നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version