അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗം : വംശീയാധിക്ഷേപം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍

Racism | Bignewslive

ലുധിയാന : അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് വിവാദപരാമര്‍ശം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. പഞ്ചാബ് ലുധിയാന സ്വദേശി പരാസ് സിങ്ങ് എന്ന ബണ്ടിയെയാണ് ലുധിയാന പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ നിനോങ് എറിങ് ഇന്ത്യക്കാരനല്ലെന്നും അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നുമാണ് തന്റെ യൂട്യൂബ് ചാനലായ പരാസ് ഒഫിഷ്യല്‍സിലൂടെ ഇയാള്‍ പറഞ്ഞത്.ഇന്ത്യയില്‍ പബ്ജിയുടെ പുതിയ ഗേം ആയ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എറിങ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതാണ് പരാസ് സിങിനെ ചൊടിപ്പിച്ചത്.

പരാമര്‍ശം അരുണാചല്‍ പ്രദേശില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് അരുണാചല്‍ പ്രദേശ് പോലീസ് കേസെടുക്കുകയും ലുധിയാന പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.സംഭവം വിവാദമായതിനെത്തുടര്‍ന്ന് പരാസ് സിങ് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഇയാളെ പിടികൂടി. പരാസ് സിങിനെ അരുണാചല്‍ പോലീസിന് കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു പോലീസിന് നിര്‍ദേശം നല്‍കി.

യൂട്യൂബില്‍ മാത്രം നാലരലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് പരാസ് സിങിനുള്ളത്. വീഡിയോ ഗെയിമുകളെ സംബന്ധിച്ചുള്ള വീഡിയോകളാണ് ഇയാള്‍ കൂടുതലായും പോസ്റ്റ് ചെയ്യാറുള്ളത്.

Exit mobile version