അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ

ലിസ്ബൺ: ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിച്ച് നേട്ടങ്ങൾ കൊയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡാണ് പോർച്ചുഗൽ ഇതിഹാസ താരം സ്വന്തമാക്കിയത്. താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ ചരിത്ര നേട്ടം പിന്നിട്ടത് 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകൾ നേടിക്കൊണ്ടാണ്. ഈ മത്സരത്തോടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും റൊണാൾഡോയ്ക്കായി.

ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന അന്താരാഷ്ട്ര റെക്കോർഡാണ് റൊണാൾഡോ മറി കടന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം. അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്.

88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോർച്ചുഗൽ എൺപത്തിയൊൻപതാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറിൽ സമനില പിടിച്ചു. തുടർന്ന് കളി അവസാനിക്കാൻ അവസാന സെക്കന്റുകളിൽ വീണ്ടും റൊണാൾഡോ ഗോൾ നേടുകയും ചരിത്രം തിരുത്തുകയുമായിരുന്നു.

2003ൽ തന്റെ 18ാം വയസ്സിൽ ഖസാക്കിസ്താനെതിരെ പോർച്ചുഗലിനായാണ് റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നത്.

Exit mobile version