പിഎസ്ജി ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബ്; നെയ്മർ, എംബാപ്പെക്ക് ഒപ്പം കളിക്കുന്നത് സന്തോഷം: മെസി

പാരിസ്: ബാഴ്‌സലോണ വിട്ടതിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ ചേർന്ന അർജന്റീനൻ താരം ലയണൽ മെസി മാധ്യമങ്ങളെ കണ്ടു. ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിലാണ് താൻ എത്തിയിട്ടുള്ളതെന്ന് മെസി പ്രതികരിച്ചു. ബാഴ്‌സലോണ വിട്ടതിൽ സങ്കടമുണ്ടെന്നും പിഎസ്ജി തന്ന സ്വീകരണം ഏറെ സന്തോഷം നൽകുന്നുവെന്നും മെസി പിഎസ്ജി താരമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അഭിപ്രായപ്പെട്ടു.

തന്നെ ടീമിലേക്ക് എത്തിക്കുന്നതിൽ പിഎസ്ജി വളരെ സീരിയസ് ആയിരുന്നു. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കാനായി. പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടുകയാണ് ലക്ഷ്യം. നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും താരം വിശദീകരിച്ചു.

‘ഒരുപാട് സൂപ്പർ താരങ്ങളുള്ള ടീമാണ് പിഎസ്ജി. ഇത്തവണ വലിയ ട്രാൻസ്ഫറുകൾ അവർ നടത്തി. ലോകത്തെ മികച്ച താരങ്ങൾക്കൊപ്പം കളിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളു.’- എന്നാണ് സഹതാരങ്ങളെ കുറിച്ച് മെസി പ്രതികരിച്ചത്.

തനിക്ക് പ്രീ സീസൺ ഇല്ലാത്തതിനാൽ എപ്പോൾ കളിക്കാൻ കഴിയുമെന്ന് അറിയില്ലെന്നും ഉടൻ കളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലയണൽ മെസി പറഞ്ഞു.

Exit mobile version