അഭിമാന മെഡൽ അണിഞ്ഞ് ഇന്ത്യ! നാല് പതിറ്റാണ്ടിന് ശേഷം ഹോക്കിയിൽ ഒളിംപിക് മെഡൽ; ജർമനിയെ പരാജയപ്പെടുത്തി വെങ്കലം

ടോക്യോ: ഒടുവിൽ ഇന്ത്യയുടെ നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അവസാനമിട്ട് ഇന്ത്യൻ ഹോക്കി ടീമിന് ഒരു മെഡൽ സ്വന്തമായി. ടോക്യോ ഒളിമ്പിക്‌സിൽ ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആവേശ പോരാട്ടത്തിൽപുരുഷ ടീം വെങ്കലം നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാൻജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്, ഹാർദിക് സിങ്, ഹർമൻപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജർമനിയ്ക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഡ്‌ഫെഡർ എന്നിവർ സ്‌കോർ ചെയ്തു. അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ പിആർ ശ്രീജേഷ് തടഞ്ഞിട്ടത് ജർമനിയുടെ ഡെൽ സാധ്യതയെ കൂടിയായിരുന്നു.

ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോൾ തിരിച്ചടിച്ച് തിരിച്ചുവന്നത്. പിന്നീട് ലീഡ് എടുത്ത ഇന്ത്യയെ ഒരു ഗോൾ കൂടെ നേടി എതിരിടാൻ ശ്രമിച്ചെങ്കിലും ജർമനി തോൽവിയായിരുന്നു വിധി.

1980 മോസ്‌ക്കോ ഒളിമ്പിക്‌സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയിൽ ഒരു മെഡൽ നേടുന്നത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി ഉയർന്നു. ഒളിംപിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇതിനുമുൻപ് 1968, 1972 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സിൽ വെങ്കലമെഡൽ നേടിയത്. എട്ട് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിംപിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

Exit mobile version