അർജന്റീനയോട് മുട്ടുമടക്കി; ഇന്ത്യൻ വനിതകൾക്ക് സെമി കടക്കാനായില്ല

ടോക്യോ: പുരുഷ ഹോക്കി ടീമിന് പിന്നാലെ വനിതാ ഹോക്കി ടീമിനും സെമിയിൽ തോൽവി.അർജന്റീനയോട് തോറ്റാണ് ഇന്ത്യൻ വനിതകൾ ഫൈനൽ കാണാതെ പുറത്തായത്. ഇന്ത്യയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്ത് അർജന്റീന മെഡൽ ഉറപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. ഇന്ത്യൻ വനിതാ ഹോക്കി ടീം ഇതുവരെ ഒളിമ്പിക്‌സിൽ മെഡൽ നേടിയിട്ടില്ല. മറ്റൊരു സെമിയിൽ ബ്രിട്ടനെ കീഴടക്കി നെതർലാൻഡും ഫൈനലിൽ പ്രവേശിച്ചു.

അർജന്റീനയ്ക്ക് വേണ്ടി നായിക മരിയ നോയൽ ബരിയോനുവേനോ ഇരട്ട ഗോളുകൾ നേടി. ഇന്ത്യയ്ക്കായി ഗുർജിത് കൗറാണ് ഏകഗോൾ നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്നശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന വിജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് ആക്രമിച്ച് കളിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. അതിന്റെ ഭാഗമായി രണ്ടാം മിനിട്ടിൽ തന്നെ ഇന്ത്യ പെനാൽറ്റി കോർണർ നേടിയെടുത്തു. എന്നാൽ പിന്നീട് അർജന്റീന രണ്ട് ഗോളുകൾ തിരിച്ചടിച്ച് മികച്ചപ്രതിരോധം തീർക്കുകയായിരുന്നു.

Exit mobile version