ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി; ബോക്‌സിങിൽ മേരി കോം പ്രീക്വാർട്ടറിൽ പുറത്ത്

ടോക്യോ: ഇന്ത്യയുടെ ഒളിംപിക്‌സ് വനിതാ ബോക്‌സിങ് വിഭാഗത്തിലെ മെഡൽ പ്രതീക്ഷയായിരുന്ന മേരി കോം പ്രീക്വർട്ടറിൽ പുറത്ത്. പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയോടാണ് സീനിയർ താരമായ മേരി കോം പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവിൽ 3-2നാണ് കൊളംബിയൻ താരം മേരി കോമിനെ തോൽപ്പിച്ചത്. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായിരുന്നു ഇൻഗ്രിറ്റ് വലൻസിയ.

നേരത്തെ ഡൊമിനിക്കൻ റിപ്പബ്ലിക് താരത്തെ 4-1ന് തോൽപ്പിച്ചാണ് മേരി കോം പ്രീക്വാർട്ടറിൽ കടന്നത്. ആറുതവണ ലോകചാമ്പ്യനായ മേരി കോം ഒളിംപിക്‌സിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായിരുന്നു. ഇരു താരങ്ങളും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ റൗണ്ടിൽ വലൻസിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടിൽ മേരികോം തിരിച്ചെത്തി. നിർണായകമായ മൂന്നാം സെറ്റും ജയിച്ചതോടെ കിരീടം വലൻസിയ സ്വന്തമാക്കി.

ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യൻഷിപ്പ് ക്വർട്ടർ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.

Exit mobile version