മീരബായ് ചാനുവിന്റെ ഭാരോദ്വഹനത്തിലെ വെള്ളി ചിലപ്പോൾ സ്വർണം ആയേക്കും; സ്വർണം നേടിയ ചാനീസ് താരത്തിന് ഉത്തേജക മരുന്ന് പരിശോധന

ടോക്യോ: ഇന്ത്യയ്ക്ക് അഭിമാനമായി ടോക്യോ ഒളിംപിക്‌സിൽ ആദ്യമെഡൽ നേടിയ മീരബായ് ചാനുവിന്റെ വെള്ളി സ്വർണമായേക്കും. ഭാരോദ്വഹനത്തിൽ സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗവിന് ഉത്തേജകമരുന്ന് പരിശോധന നടത്തിയിരിക്കുകയാണ്. പരിശോധനയിൽ താരം പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും.

ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന് പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നും വാർത്താ ഏജൻസി ആയ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഭാരോദ്വാഹനം 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോഗ്രാം ഉയർത്തി ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വർണം നേടിയത്. സ്‌നാച്ചിൽ 87 കിലോയും ക്ലീൻ ആന്റ് ജെർക്കിൽ 115 കിലോയുമായി ആകെ 202 കിലോഗ്രാമാണ് മീരാബായ് ചാനു ഉയർത്തിയത്. 194 കിലോഗ്രാമുമായി ഇൻഡൊനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്.

2000ലെ സിഡ്‌നി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വാഹനത്തിൽ ഒളിംപിക് മെഡൽ സ്വന്തമാക്കുന്നത്.

Exit mobile version