മലയാളി താരങ്ങളായ കെ ടി ഇർഫാനും ശ്രീശങ്കറും ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ നടപടി ഉറപ്പ്: എഎഫ്എ

ന്യൂഡൽഹി: ടോക്യോയിൽ ആരംഭിച്ച ഒളിംപിക്‌സ് കായികമേളയിൽ മത്സരം തുടങ്ങും മുമ്പ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനയുമായി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. ഒളിംപിക്‌സിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെങ്കിൽ മലയാളി അത്‌ലറ്റുകളായ കെ ടി ഇർഫാൻ, ശ്രീശങ്കർ എന്നിവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നാണ് എഎഫ്‌ഐ പ്രസിഡന്റ് അദിലെ ജെ സുമരിവാല പറഞ്ഞത്.

ഫെഡറേഷൻ കപ്പിൽ 8.26 മീറ്റർ ചാടി ദേശീയ റെക്കോഡ് സ്ഥാപിച്ചാണ് ശ്രീശങ്കർ ലോങ് ജമ്പിൽ ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. 2019 മാർച്ചിലാണ് നടത്ത മത്സരത്തിൽ ഇർഫാൻ യോഗ്യത നേടിയത്.

ബംഗളൂർ സായ് കേന്ദ്രത്തിൽ നടന്ന ഫിറ്റ്‌നെസ് പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുവരേയും ടോക്യോ ടീമിൽ നിന്ന് ഒഴിവാക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും എന്നാൽ ഇരുവരുടേയും പരിശീലകർ മികച്ച പ്രകടനം ഉറപ്പ് നൽകിയതിനാലാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സുമരിവാല വിശദീകരിച്ചു.

ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയാതിരുന്ന താരങ്ങൾക്കാണ് സായ് കേന്ദ്രത്തിൽ ഫിറ്റ്‌നെസ് പരിശോധന നടത്തിയത്. ഇതിൽ ഇർഫാനും ശ്രീശങ്കറും മോശം പ്രകടനമാണ് പുറത്തെടുത്തത്.

Exit mobile version