വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്ലിം കളിക്കാർക്ക് മുന്നിൽ മദ്യക്കുപ്പികൾ വെയ്ക്കില്ല; തീരുമാനവുമായി യുവേഫ

പോൾ പോഗ്ബ വാർത്താസമ്മേളനത്തിന് മുമ്പായി മേശപ്പുറത്തിരുന്ന മദ്യക്കുപ്പി എടുത്തുമാറ്റിയ സംഭവം ഏറെ ചർച്ചയായതിന് പിന്നാലെ നിർണായക തീരുമാനവുമായി യുവേഫ. യൂറോ കപ്പ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്‌ലിം കളിക്കാർക്ക് മുമ്പിൽ ഇനി മദ്യക്കുപ്പി വെയ്ക്കില്ലെന്ന് ഹൈനെകൻ കമ്പനി അറിയിച്ചിരിക്കുന്നത്.

കൊക്കൊകോള എടുത്തുമാറ്റിയ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെയാണ് മദ്യക്കുപ്പി എടുത്തുമാറ്റി ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബയും പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചത്. വാർത്താസമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്ത് മാറ്റുകയായിരുന്നു പോഗ്ബ. ഇതിന് പിന്നാലെയാണ് ബിയർ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം.

വാർത്താസമ്മേളനം നടക്കുമ്പോൾ മുമ്പിലെ മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. യൂറോകപ്പിന്റെ പ്രധാന സ്‌പോൺസർമാരിലൊന്നാണ് ഹൈനെകൻ.

Exit mobile version