തുടര്‍ തോല്‍വി: മാഞ്ചസ്റ്ററിലും പുറത്താക്കല്‍ സീസണ്‍! കോച്ച് മൗറീഞ്ഞോയെ യുണൈറ്റഡ് ഒഴിവാക്കി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസെ മൗറീഞ്ഞോ ക്ലബ് വിട്ടു.

ലണ്ടന്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കിയ വാര്‍ത്ത വന്നതിനു പിന്നാലെ ഇപിഎല്ലിലും പുറത്താക്കല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസെ മൗറീഞ്ഞോ ക്ലബ് വിട്ടു. മോശം ഫോമില്‍ തപ്പിതടയുന്ന യുണൈറ്റഡ് മൗറിഞ്ഞോയെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മത്സരത്തില്‍ ലിവര്‍പൂളിനോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് ഇടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മൂന്ന് വര്‍ഷമായി യുണൈറ്റഡിന്റെ ചുമതലയില്‍ ഉള്ള മൗറീഞ്ഞോയുടെ എറ്റവും മോശം സീസണായിരുന്നു ഇത്. 18 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചില്‍ പോലും എത്താന്‍ യുണൈറ്റഡിനായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ഗോള്‍ ഡിഫറന്‍സ് ഇപ്പോഴും പൂജ്യമായ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് കടന്നു പോകുന്നത്. മൗറീഞ്ഞോ താരങ്ങളുമായി ഉടക്കിയതും അദ്ദേഹത്തെ പുറത്താക്കാന്‍ കാരണമാണ്.

പോള്‍ പോഗ്ബയെ സ്ഥിരം ബെഞ്ചില്‍ ഇരുത്തുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചിരുന്നു. മൂന്ന് സീസണില്‍ മൗറീഞ്ഞോയ്ക്ക് അഭിമാനിക്കാന്‍ ഉള്ളത് ഒരു യൂറോപ്പ ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും മാത്രമാണ്.

Exit mobile version