പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 175 റണ്‍സ്

പെര്‍ത്തിലെ നിലവിലെ സാഹചര്യം പേസര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഇന്ത്യയുടെ ബാറ്റിങില്‍ അമിത പ്രതീക്ഷയൊന്നും വേണ്ട

287 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയില്‍. ഒരു ദിനം ശേഷിക്കെ ഇന്ത്യക്ക് 175 റണ്‍സ് കൂടി ജയിക്കാന്‍ വേണം. ആസ്ട്രേലിയക്ക് വേണ്ടത് അഞ്ച് വിക്കറ്റും. പെര്‍ത്തിലെ നിലവിലെ സാഹചര്യം പേസര്‍മാര്‍ക്ക് അനുകൂലമായതിനാല്‍ ഇന്ത്യയുടെ ബാറ്റിങില്‍ അമിത പ്രതീക്ഷയൊന്നും വേണ്ട.

എന്നാല്‍ ഓസീസ് പന്തേറുകാരെ തട്ടിയും തലോടിയും നിന്നാല്‍ പ്രതീക്ഷക്ക് വകയുണ്ട് താനും. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് പതിവ് ഞെട്ടല്‍ തന്നെയായിരുന്നു. എന്നത്തേയും പോലെ ലോകേഷ് രാഹുല്‍ റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ മറ്റൊരു ഓപ്പണറായ മുരള വിജയ് 20 റണ്‍സെടുത്ത് പുറത്തായി.

ചേതേശ്വര്‍ പുജാര(4) നായകന്‍ വിരാട് കോഹ്ലി(17) എന്നിവര്‍ കൂടി എളുപ്പത്തില്‍ മടങ്ങിയതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലെത്തി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റി. 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യത്തെ പൊളിച്ചത് ജോഷ് ഹേസല്‍വുഡ്. 30 റണ്‍സെടുത്ത രഹാനയെ ട്രാവിസ് ഹെഡ് പിടികൂടുകയായിരുന്നു.

രഹാനെ പോലും കരുതിയില്ല അവിടെ അങ്ങനെയൊരു ക്യാച്ച് സംഭവിക്കുമെന്ന്. പിന്നീടെത്തിയ പന്തിനെ സ്റ്റാര്‍ക്കും ലയോണും ചേര്‍ന്ന് നിരന്തരം പരീക്ഷിച്ചെങ്കിലും, പന്ത് വീഴാതെ നാലാം ദിനം അവസാനിപ്പിച്ചു. 24 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് പന്തിന് കൂട്ടായുള്ളത്. ആസ്ട്രേലിയക്ക് വേണ്ടി നഥാന്‍ ലയോണും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് ഒരു വിക്കറ്റ്.

നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ട്രേലിയ ഇന്ത്യന്‍ ബൌളിങിന് മുന്നില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൌളിങാണ് ഇന്ത്യക്ക് ഗുണം ചെയ്തത്. ഷമി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. 132ന് നാല് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ആസ്‌ട്രേലിയ 243ല്‍ ഒതുങ്ങുകയായിരുന്നു. ഷമിയെക്കൂടാതെ ജസ്പ്രിത് ബുമ്ര മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 283 റണ്‍സിന് പുറത്തായതോടെ 43 റണ്‍സ് രണ്ടാമിന്നിങ്‌സ് ലീഡുമായാണ് ഓസീസ് ബാറ്റിങ് ആരംഭിച്ചത്. മികച്ച തുടക്കത്തില്‍ നിന്നാണ് ഓസീസിന്റെ ഈ പതനം. തുടക്കത്തില്‍ മാര്‍ക്കസ് ഹാരീസ് 20 റണ്‍സും ആരോണ്‍ ഫിഞ്ച് 25 റണ്‍സെടുത്ത് പുറത്തായിരുന്നു.

പിന്നീട് വന്ന ഉസ്മാന്‍ ഖ്വാജ വീണ്ടും ഓസീസ് ഇന്നിങ്‌സിന്റെ നട്ടെല്ലാവുകയായിരുന്നു. ഖ്വാജ 72 റണ്‍സെടുത്തു. പിന്നീട് നായകന്‍ ടിം പെയിന്‍ മാത്രമാണ് 37 റണ്‍സെടുത്ത് കൊണ്ട് ഓസീസ് നിരയില്‍ പിടിച്ച് നിന്നത്. അതേസമയം വിജയം സ്വന്തമാക്കാനായാല്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തും.

Exit mobile version