ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ ഇന്ത്യ; ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ; കോഹ്‌ലിയുടെ പരീക്ഷണം പാളുമോ?

രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് പതിയെ സ്‌കോറിങിലേക്ക് കടന്നു.

പെര്‍ത്ത്: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് പതിയെ സ്‌കോറിങിലേക്ക് കടന്നു. ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ മോശമല്ലാത്ത സ്‌കോറില്‍ നിലയുറപ്പിച്ച ഓപ്പണര്‍മാരുടെ കൂട്ട്‌കെട്ട് ലഞ്ച് ബ്രേക്കിന് ശേഷം വേര്‍പിരിഞ്ഞത് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി. ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 26 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. 36 റണ്‍സുമായി മാര്‍ക്കസ് ഹാരിസും 28 റണ്‍സുമായി ആരോണ്‍ ഫിഞ്ചുമായിരുന്നു ക്രീസില്‍.

എന്നാല്‍, ബ്രേക്കിന് ശേഷം പുനരാരംഭിച്ച കളിയില്‍ താളം കണ്ടെത്തിയ ഇന്ത്യ, അര്‍ധശതകം പൂര്‍ത്തിയാക്കിയ ആരോണ്‍ ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ബൂംറയ്ക്കാണ് വിക്കറ്റ്. നിലവില്‍ 112ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിങ് തുടരുകയാണ് ഓസ്‌ട്രേലിയ. ക്രീസില്‍ 55 റണ്‍സെടുത്ത ഹാരിസും അക്കൗണ്ട് തുറക്കാത്ത ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.

അതേസമയം ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി. ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ജൊഹാനസ്ബര്‍ ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും പേസ് നിരയിലെത്തി. ഭുവനേശ്വറിന് ഇത്തവണയും അവസരം ലഭിച്ചില്ല.

എന്നാല്‍ പരീക്ഷണങ്ങള്‍ നടത്തി നോക്കിയെങ്കിലും, രാവിലെ പിച്ചില്‍ നിന്ന് ഒരു വിക്കറ്റല്ലാതെ കാര്യമായ സംഭാവനകളൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചിട്ടില്ല. നേരത്തെ ബുംറയ്ക്കും ഇഷാന്തിനും ഓസീസ് ഓപ്പണര്‍മാരെ കാര്യമായി പരീക്ഷിക്കാനായിരുന്നില്ല.

Exit mobile version