15 വർഷത്തിന് ശേഷം വീണ്ടുമൊരു അഞ്ച് വിക്കറ്റ് നേട്ടം; തിരിച്ചുവരവ് ആഘോഷമാക്കി ശ്രീശാന്ത്

ആളൂർ: ഏഴുവർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രിശാന്ത് അഞ്ചു വിക്കറ്റ് പ്രകടനവുമായി വരവറിയിച്ചു. 15 വർഷങ്ങൾക്കു ശേഷമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ശ്രീശാന്തിന്റെ നേട്ടം. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർ പ്രദേശിനെതിരായ മത്സരത്തിലാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റ് നേടിയത്. 9.4 ഓവറിൽ 65 റൺസ് വഴങ്ങിയാണ് ശ്രീശാന്ത് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

2006ന് ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ ശ്രീ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് ആദ്യമായാണ്. 2013 ഐപിഎല്ലിലെ വാതുവെയ്പ്പ് ആരോപണത്തിൽ കരിയറിലെ ഏഴു വർഷമാണ് താരത്തിന് നഷ്ടമായത്.

ശ്രീശാന്ത് പന്തുമായി തിളങ്ങിയ മത്സരത്തിൽ 49.4 ഓവറിൽ ഉത്തർ പ്രദേശ് 283 റൺസിന് പുറത്തായി. 284 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം ബാറ്റിങ് തുടരുകയാണ്. വിജയ് ഹസാരെ ടൂർണമെന്റിലെ രണ്ടു മത്സരങ്ങളിൽ നിന്ന് ശ്രീശാന്തിന്റെ വിക്കറ്റ് നേട്ടം ഏഴായി.

2021 ഐപിഎല്ലിനായി ശ്രീശാന്ത് തന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. 292 പേരായി വെട്ടിക്കുറച്ച അന്തിമ പട്ടികയിൽ നിന്ന് ശ്രീശാന്ത് പുറത്താക്കപ്പെട്ടു.

Exit mobile version