ഐപിഎൽ ലേലത്തിനുള്ള പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്; ശ്വസിക്കുന്ന കാലം വരെ തോൽവി സമ്മതിക്കില്ലെന്ന് താരം; പട്ടികയിൽ ഇടം നേടി അർജുൻ തെണ്ടുൽക്കർ

s-sreesanth

മുംബൈ: അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിനുള്ള ബിസിസിഐ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്. ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കുന്ന ലേലത്തിലേക്കുള്ള 292 താരങ്ങളുടെ അന്തിമ പട്ടികയിൽ നിന്നാണ് ശ്രീശാന്തിനെ പുറത്താക്കിയിരിക്കുന്നത്.

അതേസമയം വിലക്കിന് ശേഷം തിരിച്ചുവരാൻ ഒരുങ്ങുന്ന താരത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനമെങ്കിലും ശ്രീശാന്ത് വിഷയത്തിൽ പോസ്റ്റീവായാണ് പ്രതികരിച്ചത്. താൻ തോൽവി സമ്മതിക്കില്ലെന്നും അടുത്ത സീസണിലേക്കുള്ള പരിശ്രമങ്ങൾ തുടരുമെന്നും പറഞ്ഞു. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘പട്ടികയിൽ ഇടം പിടിക്കാനാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല, എങ്കിലും സന്തുഷ്ടനാണ്. നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദി. ശ്വസിക്കുന്ന കാലം വരെ ഞാൻ തോൽവി സമ്മതിക്കില്ല. അടുത്ത സീസണിലേക്കുള്ള പരിശ്രമങ്ങൾ തുടരും. ചില സമയത്ത് നമ്മുക്ക് മുന്നോട്ട് പോകാൻ സിസ്റ്റത്തിന്റെ കൂടി പിന്തുണ ആവശ്യമാണ്. എല്ലാരും ഒപ്പമുണ്ടാവണം’-ശ്രീശാന്ത് പറഞ്ഞു.

എട്ട് വർഷം കാത്തിരിക്കാമെങ്കിൽ കുറച്ചു നാൾകൂടി കാത്തിരിക്കാൻ യാതൊരു മടിയുമില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. വിജയ് ഹസാരെ ക്യാമ്പ് പൂർത്തിയായതിനെതിനെ തുടർന്ന് നാളെ ബംഗളൂരുവിലേക്ക് തിരിക്കാനിരിക്കെയാണ് പട്ടിക പുറത്ത് വന്നത്. 1114 താരങ്ങളാണ് ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്നതിനായി പേര് രജിസ്റ്റർ ചെയ്തിരുന്നത്. ആകെ 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് താരങ്ങളുമാണ് ലേലത്തിനുള്ളത്. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

Exit mobile version