മകളെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു; ലങ്ക പ്രീമിയർ ലീഗിൽ നിന്നും പിന്മാറിയതിന് പിന്നാലെ അഫ്രീദി

Afridi | world news

ഇസ്ലാമാബാദ്: തന്റെ മകളുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ‘ചിലർ’ തെറ്റായ വിവരങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്ന് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സ്വകാര്യമായ ‘ബുദ്ധിമുട്ടുകളുള്ളതിനാൽ’ പ്രീമിയർ ലീഗിൽനിന്നു പിൻമാറുകയാണെന്നാണ് അഫ്രീദി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കിയത്.
ലങ്ക പ്രീമിയർ ലീഗിൽനിന്ന് താരം പിന്മാറാൻ കാരണം മകളുടെ ആരോഗ്യസ്ഥിതിയാണെന്നാണ് പറയുന്നത്. അതേസമയം, തെറ്റായ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പരക്കുന്നതെന്നും അഫ്രീദി പ്രതികരിച്ചു.

വിഷയം കൈകാര്യം ചെയ്തശേഷം ഉടൻ ടൂർണമെന്റിലേക്കു മടങ്ങിയെത്തുമെന്നും അഫ്രീദി അറിയിച്ചു. താരത്തിന്റെ മകളുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് അഫ്രീദിയുടെ പിൻമാറ്റമെന്നാണ് ലങ്കൻ പ്രീമിയർ ലീഗ് സംഘാടകരും പ്രതികരിച്ചിട്ടുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൾക്കൊപ്പമുള്ള അഫ്രീദിയുടെ ചിത്രവും പുറത്തുവന്നിരുന്നു.

എന്നാൽ മകൾ സുഖമായിരിക്കുന്നതായും മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പരക്കുകയാണെന്നും താരം വിമർശിച്ചു. സമൂഹമാധ്യമം ഉപയോഗിക്കുന്നവർ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. മകൾക്ക് ജന്മദിനാശംസകൾ നേരുന്നതായും താരം അറിയിച്ചു. എനിക്കു ചുറ്റും മക്കളുള്ളത് അനുഗ്രഹമാണ്, ദൈവത്തിന് നന്ദി പറയുന്നു– താരം സമൂഹമാധ്യമത്തിൽ കുറിച്ചു.

Exit mobile version