കളി കാണാന്‍ ആളില്ല : സ്‌റ്റേഡിയത്തിലേക്ക് കാണികളെ ക്ഷണിച്ച് അഫ്രീദിയും അക്രവും

കറാച്ചി : പാകിസ്താനില്‍ ദേശീയ ടീമിന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഷാഹിദ് അഫ്രീദിയും വസീം അക്രവും. ഇപ്പോള്‍ നടന്നു വരുന്ന പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങള്‍ കാണാന്‍ ആളെത്താത്ത സാഹചര്യത്തിലാണ് മുന്‍ താരങ്ങളുടെ അഭ്യര്‍ഥന.

കഴിഞ്ഞ ദിവസം നടന്ന പാകിസ്താന്‍-വെസ്റ്റിന്‍ഡീസ് മത്സരം കാണാന്‍ 32000 പേര്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിലെത്തിയത് വെറും 4000 പേരാണ്. കോവിഡ് വ്യാപനം നിമിത്തം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി സ്റ്റേഡിയങ്ങളില്‍ പരമാവധി ആളുകളെ കയറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അനുമതി നല്‍കിയെങ്കിലും ആരാധകര്‍ സ്റ്റേഡിയങ്ങളിലേക്ക് വരുന്നില്ല. ദേശീയ ടീമിന്റെ മത്സരം കാണാന്‍ ഇത്രയും കുറച്ച് ആരാധകര്‍ വരുന്നത് നിരാശാജനകമാണെന്നും സാധാരണ ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറച്ചിട്ടെങ്കിലും ആളു കയറുമെന്നാണ് പ്രതീക്ഷയെന്നും പിസിബി പ്രതിനിധി അറിയിച്ചു.

അതേസമയം സ്റ്റേഡിയത്തിലേക്ക് കയറുന്നതിന് ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് പാക് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മത്സരം കാണാനെത്തുന്നവര്‍ സ്റ്റേഡിയത്തില്‍ നിന്നും വളരെ ദൂരം വാഹനം പാര്‍ക്ക് ചെയ്തശേഷം നടന്ന് വരേണ്ട സ്ഥിതിയാണ്. അത് കൂടാതെ കനത്ത സുരക്ഷാക്രമീകരണങ്ങളും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ തടസ്സമാവുന്നുണ്ട്. സ്റ്റേഡിയത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ അറിയിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

Exit mobile version