10 വര്‍ഷത്തെ ഇടവേള; കണക്ക് തീര്‍ത്ത് ഇന്ത്യ; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ ചരിത്ര വിജയം!

ഓസീസിനെ വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും രക്ഷിച്ചില്ല.

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പത്തു വര്‍ഷത്തിനു ശേഷമാണ് ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. 31 റണ്‍സിനാണ് ഇന്ത്യന്‍ വിജയഗാഥ. നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും രക്ഷിച്ചില്ല. അവസാന വിക്കറ്റില്‍ നാഥന്‍ ലിയോണും(47 പന്തില്‍ 38) ജോഷ് ഹേസല്‍വുഡും(43 പന്തില്‍ 13) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം 291 റണ്‍സില്‍ തട്ടി അവസാനിക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ഹേസല്‍വുഡിനെ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യയുടെ ജയം.

ഓസീസ് പ്രതീക്ഷയായിരുന്ന ദ്രാവിസ് ഹെഡിനെ ഇഷാന്ത് അവസാന ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ മടക്കി അയച്ചിരുന്നു. 14 റണ്‍സെടുത്ത ഹെഡിനെ നഷ്ടപ്പെട്ടതോടെ ഓസീസ് പരുങ്ങലിലായി. തുടര്‍ന്ന് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ മാര്‍ഷ് ടിം പെയ്നുമായി ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് മെച്ചപ്പെടുത്താന്‍ നോക്കിയെങ്കിലും ഇരുവരും ചേര്‍ന്നുള്ള 41 റണ്‍സിന്റെ കൂട്ടുകെട്ട് ബുംറ പൊളിച്ചു. 60 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കിയാണ് ബുംറ കൂട്ടുകെട്ട് തകര്‍ത്തത്. 73 പന്തില്‍ 41 റണ്‍സാണ് പെയ്നിന്റെ സംഭാവന.

പിന്നീട് എട്ടാം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും വാലറ്റത്ത് നിന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും 28 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഷമി പുറത്താക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ നാഥന്‍ ലിയോണും ജോഷ് ഹേസല്‍ വുഡും ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഹേസല്‍വുഡിന്റെ വിക്കറ്റ് വീണതോടെ ഈ ശ്രമവും വിഫലമായി.

ഇതോടെ ഇന്ത്യയെ ചരിത്ര വിജയം തേടിയെത്തുകയായിരുന്നു. ആരോണ്‍ ഫിഞ്ച്(11), മാര്‍ക്ക്സ ഹാരിസ്(26), ഉസ്മാന്‍ ഖ്വാജ(8), ഹാന്‍ഡ്സ്‌കോമ്പ്(14) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നാലാം ദിനം നഷ്ടപ്പെട്ടത്.

അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ 323 റണ്‍സ് ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും അജിന്‍ക്യ രഹാനയുടെയും ചെറുത്തു നില്‍പ്പാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സ്വന്തമാക്കാന്‍ സഹായിച്ചത്. ഓസ്ട്രേലിയന്‍ മണ്ണില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ വിജയം നുകര്‍ന്നത്. അഡ്ലെയ്ഡില്‍ 2003 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ജയം നേടുന്നത്.

നാലാം ദിവസം മൂന്ന് വിക്കറ്റിന് 151 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയെ രാഹനയും ചേതശ്വര്‍ പൂജാരയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. പൂജാര 71 റണ്‍സും രഹാനയും 70 റണ്‍സുമെടുത്തു. സ്‌കോര്‍ 234 ല്‍ നില്‍ക്കെ പൂജാരെയെ പുറത്താക്കി ലിയോണാണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെയെത്തിയ രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. ഒരു റണ്‍സ് മാത്രമെടുത്ത രോഹിതിനെയും ലിയോണ്‍ മടക്കി.

തുടര്‍ന്നെത്തിയ ഋഷഭ് പന്തിനെ കൂട്ടുപിടിച്ചാണ് രഹാനെ ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചത്. പന്ത് 28 റണ്‍സ് എടുത്ത് പുറത്തായി. അശ്വിന്‍ അഞ്ചും ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ണൊന്നുമെടുക്കാതെയും പുറത്തായി. ആറു വിക്കറ്റെടുത്ത നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റെടുത്തപ്പോള്‍, ശേഷിക്കുന്ന വിക്കറ്റ് ഹേസല്‍വുഡ് സ്വന്തമാക്കി.

Exit mobile version