റോയ് കൃഷ്ണയുടെ ‘ഒറ്റയടി’യില്‍ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്; എടികെയ്ക്ക് ജയം

ഐഎസ്എല്‍ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം. 67ാം മിനിട്ടില്‍ ഫിജി ക്യാപ്റ്റന്‍ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് എ.ടി.കെയുടെ വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും ഗോള്‍ നേടാനാവാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് വിനയായത്.

മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടിയാവുകയായിരുന്നു. മത്സരത്തില്‍ ഭൂരിഭാഗം സമയവും പ്രതിരോധത്തിലായിരുന്ന എടികെ വീണുകിട്ടിയ അവസരം മുതലെടുത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. മന്‍വീര്‍ സിംഗിന്റെ ക്രോസ് പൂര്‍ണമായി ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ അനായാസം അല്‍ബീനോ ഗോമസിനെ കീഴ്‌പ്പെടുത്തി.

തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചു. സബ്സ്റ്റ്യൂട്ടുകളെ ഇറക്കി വിക്കൂന സമനില ഗോളിനു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം ഇളകിയില്ല. ഇത് തുടര്‍ച്ചായ അഞ്ചാം സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടനമത്സരത്തില്‍ കളിക്കുന്നത്.

Exit mobile version