താരലേലത്തിൽ ഇടം പിടിക്കാനായില്ല; അണ്ടർ-19 ക്രിക്കറ്റ് ടീം അംഗമായിരുന്ന താരം ആത്മഹത്യ ചെയ്തു

ധാക്ക: ക്രിക്കറ്റ് കരിയറിൽ വേണ്ടവിധം ശോഭിക്കാനാകാത്തതിന്റെ മനോവിഷമത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ജീവനൊടുക്കി. ബംഗ്ലാദേശ് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന രാജ്ഷാഹി സ്വദേശിയായ 21കാരൻ മുഹമ്മദ് സോസിബ് ആണ് ആത്മഹത്യ ചെയ്തത്. സോസിബിനെ സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വലംകൈയ്യൻ ബാറ്റ്‌സ്മാനായിരുന്ന സോസിബ് ബംഗ്ലാദേശ് അണ്ടർ 19 ടീമിന്റെ ഏഷ്യ കപ്പ് സ്‌ക്വാഡിലും ഇടം നേടിയിരുന്നു.

മുമ്പ്, 2018ൽ സെയ്ഫ് ഹുസൈന്റെ നേതൃത്വത്തിൽ ന്യൂസിലാൻഡിൽ കൗമാര ലോകകപ്പിനിറങ്ങിയ ടീമിൽ അംഗമായിരുന്നു സോസിബ്. പക്ഷെ അന്ന് ടൂർണമെന്റിലെ ഒരു മത്സരത്തിലും പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ താരത്തിനായിരുന്നില്ല.

ഇതിനിടെ, ഈയടുത്ത് നടന്ന ബംഗബന്ധു ട്വന്റി20 കപ്പിനുള്ള താരലേലത്തിൽ ഇടംപിടിക്കാനും താരത്തിന് സാധിച്ചിരുന്നില്ല. ഇതായിരിക്കാം ജീവിതമവസാനിപ്പിക്കാൻ യുവക്രിക്കറ്ററെ പ്രേരിപ്പിച്ചതെന്നാണ് സൂചന. 2018ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറിയ താരത്തിന് പക്ഷെ, പ്രതീക്ഷിച്ച രീതിയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് താരം അവസാനമായി കളത്തിലിറങ്ങിയത്. അന്ന് 2018 മാർച്ചിൽ ധാക്ക പ്രീമിയർ ലീഗിൽ ഷിൻപുകുർ ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്നു സോസിബ്.

മുമ്പ് ശ്രീലങ്കക്കും അഫ്ഗാനിസ്ഥാനുമെതിരെ മൂന്ന് യൂത്ത് ഏകദിനങ്ങളിൽ ബംഗ്ലാദേശ് ജേഴ്‌സിയണിഞ്ഞിട്ടുണ്ട് സോസിബ്. താരത്തിന്റെ വിയോഗത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഗെയിം ഡെവലപ്‌മെന്റ് മാനേജർ ഇനാം മുഹമ്മദ് നടുക്കം രേഖപ്പെടുത്തി.

Exit mobile version