കോവിഡ് കാരണം ടി20 ലോകകപ്പും ടൂർണമെന്റുകളും മാറ്റിവെച്ചു; ജീവിക്കാൻ ഡെലിവറി ബോയി ആയി നെതർലാൻഡ്‌സ് ക്രിക്കറ്റർ; ഐസിസിയെ വിമർശിച്ച് സോഷ്യൽമീഡിയ

ആസ്റ്റർഡാം: കോവിഡ് ലോകത്തുള്ള ആളുകളുടെയെല്ലാം ഒരുവിധം പദ്ധതികളേയും ജീവിതത്തേയും കീഴ്‌മേൽ മറിച്ചിരിക്കുകയാണ്. ഇത്തരത്തിൽ കായിക താരങ്ങളേയും കോവിഡ് പ്രതികൂലമായി തന്നെയാണ് ബാധിച്ചിരിക്കുന്നത്. ടൂർണമെന്റുകൾ ഇല്ലാത്തതിനാൽ ജീവിക്കാനായി ഡെലിവെറി ബോയി ആയിരിക്കുകയാണ് നെതർലാൻഡിലെ യുവ ക്രിക്കറ്റർ.

കോവിഡ് കാരണം 2020ൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഈ താരത്തിന്റെ കഷ്ടപ്പാട് ആരംഭിച്ചത്. പോൾ വാൻ മീകീരൻ എന്ന ആ ക്രിക്കറ്റർ ജീവിക്കാനായി ‘ഊബർ ഈറ്റ്‌സ്’ൽ ഓൺലൈൻ ഭക്ഷണ ഡെലിവറി ഏറ്റെടുത്തിരിക്കുകയാണ്. കൊറോണ കാരണം ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കിൽ ഫൈനൽ നടക്കേണ്ടിയിരുന്നത് എന്ന കുറിപ്പോടെ ഇഎസ്പിഎൻ ക്രിക് ഇൻഫോ പങ്കുവെച്ച ട്വീറ്റിന് താഴെയാണ് നെതർലാൻഡ്‌സ് താരമായ പോൾ വാൻ തന്റെ കഷ്ടപ്പാട് വ്യക്തമാക്കുന്ന കുറിപ്പ് റീട്വീറ്റ് ചെയ്തത്.

”ഇന്ന് ക്രിക്കറ്റ് നടക്കേണ്ടിയിരുന്നു. ഇപ്പോൾ ഈ ശൈത്യകാലത്ത് ഞാൻ ജീവിക്കാനായി ഊബർ ഈറ്റ്‌സ് വിതരണം ചെയ്യുകയാണ്. കാര്യങ്ങൾ എങ്ങനെ മാറുന്നുവെന്നത് രസകരമാണ്. പുഞ്ചിരിക്കുന്നത് തുടരുക.”-താരത്തിന്റെ മറുപടി ട്വീറ്റിങ്ങനെ.

പോളിന്റെ ട്വീറ്റ് ചർച്ചയായതോടെ ഐസിസി വൻതോക്കുകളായ രാജ്യങ്ങളിലെ കളിക്കാരെ പരിഗണിക്കുന്നപോലെ അസോസിയേറ്റഡ് രാജ്യങ്ങളിലെ കളിക്കാരെയും പരിഗണിക്കണമെന്ന് നിരവധിപേർ ആവശ്യപ്പെടുകയാണ്. ഫാസ്റ്റ് ബൗളറായ പോൾ വാൻ മാകീരൻ 5 ഏകദിനങ്ങളിലും 41 ട്വന്റി 20യിലും കളത്തിലിറങ്ങിയിട്ടുണ്ട്.

അതേസമയം, ക്രിക്കറ്റ് ടൂർണമെന്റുകൾ മാറ്റിവെച്ചെങ്കിലും ഇന്ത്യയും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും അടക്കമുള്ള ക്രിക്കറ്റ് വമ്പന്മാരുടെ കളിക്കാർ ഐപിഎല്ലിലൂടെയും മറ്റു ട്വന്റി 20 ലീഗുകളിലൂടെയും മറ്റ് ടൂർണമെന്റുകൾ സംഘടിപ്പിച്ചും കളിതുടരുകയാണ്. പക്ഷെ, ഐസിസിയിലെ അസോസിയേറ്റഡ് രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ നേരെ തിരിച്ചാണ്. വരുമാനവുമില്ല, ടൂർണമെന്റുമില്ല.

മാത്രമല്ല, ശൈത്യകാലങ്ങളിൽ നെതർലാൻഡ്്സിൽ ക്രിക്കറ്റ് കളിക്കുക എന്നത് പ്രയാസമേറിയതുമാണ്. ക്രിക്കറ്റിന് പ്രചാരം കുറഞ്ഞ നെതർലാൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ താരങ്ങളുടെ അവസ്ഥ ഐസിസി പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഐസിസി ട്വന്റി20 ലോകകപ്പിൽ മുൻനിരയിലുള്ള 10 ടീമുകൾക്കൊപ്പം നെതർലാൻഡ്‌സ്, പാപ്പുവ ന്യൂ ഗിനിയ, അയൻലാൻഡ്, സ്‌കോട്‌ലാൻഡ്, നമീബിയ, ഒമാൻ എന്നീ ആറുടീമുകൾ കൂടി ഇത്തവണ ടൂർണമെന്റിലേക്ക് യോഗ്യത നേടിയിരുന്നു. മാറ്റിവെച്ച ടൂർണമെന്റ് അടുത്ത വർഷം നടക്കും.

Exit mobile version