കോടികളുടെ നഷ്ടം ഒഴിവാക്കാൻ യുഎഇയിൽ ഐപിഎൽ നടത്തി; ബിസിസിഐയുടെ ലാഭം ഞെട്ടിക്കുന്നത്; പരസ്യത്തിലൂടെ മാത്രം നേടിയത് 2500 കോടി രൂപ

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ കോടികളുടെ നഷ്ടം സഹിച്ചും വേണ്ടെന്ന് വെയ്ക്കാൻ ശ്രമിച്ച ഐപിഎൽ ടൂർണമെന്റ് ഒടുവിൽ ഏറെ വൈകി യുഎഇയിൽ സംഘടിപ്പിച്ച് ബിസിസിഐ ആശ്വാസം കണ്ടെത്തിയിരുന്നു. മാർച്ചിൽ ഇന്ത്യയിൽവെച്ച് നടത്തേണ്ടിയിരുന്ന ഐപിഎൽ 13ാം പതിപ്പ് ഒക്ടോബർ-നവംബർ മാസത്തിൽ യുഎഇയിലെ സ്‌റ്റേഡിയത്തിൽ വെച്ച് നടത്തിയത് വെറുതെയായില്ലെന്ന് ബിസിസിഐയുടെ ലാഭക്കണക്കുകൾ തെളിയിക്കുന്നു.

മുൻ സീസണിനെ അപേക്ഷിച്ച് ഐപിഎൽ കാഴ്ചക്കാരുടെ എണ്ണത്തിൽ ഈ വർഷം റെക്കോഡ് വൻവർധനവാണ് ഉണ്ടായത്. 30 ശതമാനമായിരുന്നു വർധന. ഇത് സ്റ്റാർ ഇന്ത്യയുടെ വരുമാനവും കൂട്ടി. വരും വർഷങ്ങളിലെ പരസ്യവരുമാനത്തേയും ഇത് ഉയർത്തും.

കാണികളെ പുറത്തിരുത്തി നടത്തിയിട്ടും ടൂർണമെന്റ് വൻലാഭമായിരുന്നെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യ പരസ്യവരുമാനത്തിലൂടെ മാത്രം 2500 കോടി നേടി. ടെലിവിഷൻ പരസ്യത്തിൽനിന്നും 2250 കോടിയും ഹോട്ട്‌സ്റ്റാറിൽനിന്ന് 250 കോടിയോളവും ഈ ഐപിഎൽ സീസണിൽ പരസ്യവരുമാനം ലഭിച്ചതായാണ് വിവരം.

ഐപിഎൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് 18 സ്‌പോൺസർമാരായി സഹകരിക്കുകയും 117ഓളം പരസ്യദാതാക്കളുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നു. 13 എയർ സ്‌പോൺസർമാരുമായും സ്റ്റാർ ഇന്ത്യ കരാറിൽ എത്തിയിരുന്നു. ആമസോൺ, ബൈജൂസ്, ഡ്രീം 11, ഫോൺ പേ, പോളികാബ്, ഐടിസി, കൊക്കകോള, റമ്മി സർക്കിൾ, എഎംഎഫ്‌ഐ, പി ആൻഡ് ജി, കമല പസന്ത് തുടങ്ങിയവരുമായിട്ടായിരുന്നു പ്രധാന കരാർ. ഇതിൽ ഏറ്റവുമധികം പരസ്യത്തിനായി ചെലവഴിച്ചത് ബൈജൂസ് ആപ്പാണ്.

Exit mobile version