ഐപിഎല്ലിലേക്ക് ഒരു ടീം കൂടി വരുന്നു; അദാനിയുടെ ഉടമസ്ഥതയിൽ അഹമ്മദാബാദിലെന്ന് സൂചന; മലയാളികൾക്ക് നിരാശ

ന്യൂഡൽഹി: ഐപിഎൽ 13ാം സീസൺ കിരീടം മുംബൈ ഉയർത്തിയതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്തയുമായി ബിസിസിഐ. 2021ൽ നടക്കുന്ന ഐപിഎൽ 14ാം സീസണിൽ ഒമ്പതാമത് ഒരു ടീമിനെ കൂടി ഉൾപ്പെടുത്താൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

കൊവിഡ് പ്രതിസന്ധിക്കിടയിലും ഐപിഎൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ബിസിസിഐ അടുത്ത പദ്ധതി പുറത്തുവിട്ടിരിക്കുന്നത്. ദ ഹിന്ദു പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെന്നാണ് റിപ്പോർട്ടുകൾ. പുതിയ ഫ്രാഞ്ചൈസിയുടെ ആസ്ഥാനവും അഹമ്മദാബാദ് തന്നെയാകും. ഈ സൂചനകൾ കൊണ്ടൊക്കെ തന്നെ അദാനി ഗ്രൂപ്പ് ആയേക്കും പുതിയ ഫ്രാഞ്ചൈസിയുടെ ഉടമകളെന്നാണ് സൂചനകൾ.

അതേസമയം, കൊച്ചിൻ ടസ്‌കേഴ്‌സ് കേരള ടീമിന്റെ തിരിച്ചുവരവുനായി കാത്തിരുന്ന മലയാളി ക്രിക്കറ്റ് ആരാധകർക്ക് പുതിയ ടീം ഐപിഎല്ലിൽ എത്തുന്നുവെന്ന വാർത്ത വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അഹമ്മദാബാദിലായിരിക്കും പുതിയ ടീമെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചതോടെ നിരാശയാണ് ഫലം. സോഷ്യൽമീഡിയയിലും ഏറെ ചർച്ച നടക്കുന്നുണ്ട്.

ഇതിനിടെ, അടുത്ത സീസണിലേക്കുള്ള താരലേലം 2021 തുടക്കത്തിൽ തന്നെ ഉണ്ടാകുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബിസിസിഐ അതത് ഫ്രാഞ്ചൈസികളെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

Exit mobile version