ഈ വർഷവും കപ്പില്ല; ബാംഗ്ലൂർ പുറത്ത്; ഹൈദരാബാദിന് ആറ് വിക്കറ്റ് ജയം

അബൂദബി: ‘ഈ സാല കപ്പ് നമദേ’ വചനവുമായി ഇറങ്ങിയ കിങ് കോഹ്‌ലിക്കും ടീമിനും ഐപിഎൽ ഈ സീസണിലും കപ്പില്ലാതെ മടക്കം. എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് ബാംഗ്ലൂരിനെ തറപറ്റിച്ചു. തുടർ വിജയവുമായി സീസൺ തുടങ്ങിയ ബാംഗ്ലൂർ അവസാന അഞ്ച് മത്സരം തോറ്റാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസാണ് ഹൈദരാബാദിന്റെ എതിരാളികൾ.

ബാറ്റ്‌സ്മാൻമാർ വലിയ പ്രകടനങ്ങൾക്ക് മുതിരാത്ത മത്സരം ബൗളർമാർ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറിൽ ഏഴിന് 131 റൺസ് എടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിങിൽ 2 പന്ത് ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്ത് ബാംഗ്ലൂർ വിജയം കാണുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ഹോൾഡറാണ് സൈനിയെ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടി വിജയ റണ്ണും നേടിയത്.

എബി ഡിവില്ലിയേഴ്‌സ് (56), ആരോൺ ഫിഞ്ച് (32), മുഹമ്മദ് സിറാജ് (10 നോട്ടൗട്ട്) എന്നിവർ മാത്രമാണ് ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടന്നത്. വിരാട് കോഹ്‌ലിയെ (6) നഷ്ടപ്പെട്ടാണ് ബാംഗ്ലൂർ തുടങ്ങിയത്. പിന്നാലെ ഒരു റൺസുമായി ദേവ്ദത്തും മടങ്ങി. പിന്നീട് ഉറച്ചുനിന്ന ആരോൺ ഫിഞ്ചും (32) എബി ഡിവില്ലിയേഴ്‌സും (56) ടീമിനെ കരകയറ്റി.

എന്നാൽ ഫിഞ്ച് പുറത്തായതിന് പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ച് റൺസെടുക്കാതെ റൺ ഔട്ടായി മുഈൻ അലിയും എട്ട് റൺസുമായി ശിവം ദുബെയും മടങ്ങി. ക്രീസിലുറച്ച് നിന്ന് പൊരുതിയ എബി ഡിവില്ലിയേഴ്‌സിനെ 17ാം ഓവറിൽ നടരാജൻ ക്ലീൻ ബൗൾഡാക്കി മടക്കുകയും ചെയ്തതോടെ പോരാട്ടം അവിടെ അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ജേസൺ ഹോൾഡറിനും രണ്ട് വിക്കറ്റെടുത്ത നടരാജനുമൊപ്പം റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയ സന്ദീപ് ശർമയും റാഷിദ് ഖാനും ചേർന്ന് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.

അതേസമയം, ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തവെ തകർന്നു തുടങ്ങിയിട്ടും പക്വതയാർന്ന ഇന്നിങ്‌സ് കാഴ്ചവെച്ച കെയ്ൻ വില്യംസൺ (50 നോട്ടൗട്ട്), മനീഷ് പാണ്ഡേ (24), ജേസൺ ഹോൾഡർ (24 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് ഹൈദരാബാദിനെ മുന്നോട്ടു നയിച്ചത്.

Exit mobile version